വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: വിദഗ്ധ പരിശോധന നടത്താൻ തീരുമാനം

കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സജ്ജമാക്കുന്ന ടൗൺഷിപ്പിലെ പുതിയ വീടുകളിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് വിപുലമായ പരിശോധനകൾക്ക് അധികൃതർ ഉത്തരവിട്ടു. ടൗൺഷിപ്പിലെ രണ്ട് വീടുകളിലാണ് വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടത്. ഈ വീടുകളിൽ അൾട്രാസോണിക് പരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക പരിശോധനകൾ നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

ടൗൺഷിപ്പിലെ ഒന്നാം സോണിലെ ഏഴ്, എട്ട് നമ്പർ വീടുകളിലാണ് വിള്ളലുകൾ രൂപപ്പെട്ടത്. ടെറസ് ഭാഗത്താണ് വിള്ളലുകൾ കണ്ടിട്ടുള്ളതും ഇത് ചോർച്ചയ്ക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഒരു വീട് ചൂരൽമല സ്വദേശിയായ നൗഫലിന് അനുവദിച്ചതാണ്.ടൗൺഷിപ്പിന്റെ നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (ULCCS) അധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വീടുകൾക്ക് കണ്ടെത്തിയ വിള്ളലുകൾ ഗൗരവമുള്ളതല്ലെന്നും ഇവ വേഗത്തിൽ പരിഹരിക്കുമെന്നും സൊസൈറ്റി സി.ഒ.ഒ അരുൺ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ഒന്നിനാണ് ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവഹിച്ചത്. ആകെ പ്ലാൻ ചെയ്ത 410 വീടുകളിൽ പണി പൂർത്തിയായ 178 വീടുകളാണ് ഉദ്ഘാടനം ചെയ്തത്. ഭൂകമ്പത്തെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ള രീതിയിലാണ് ഈ വീടുകളുടെ നിർമ്മാണമെന്നാണ് നേരത്തെ റവന്യൂ വകുപ്പ് വ്യക്തമാക്കിയിരുന്നത്.

ഗുണഭോക്താക്കൾക്ക് വീടുകളുടെ ഉടമസ്ഥാവകാശ രേഖകൾ കൈമാറിയിട്ടുണ്ടെങ്കിലും അനുബന്ധ ജോലികൾ പൂർത്തിയാകാത്തതിനാൽ ആരും താമസം തുടങ്ങിയിട്ടില്ല. താമസക്കാർ എത്തുന്നതിന് മുൻപേ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.​നിലവിൽ വിള്ളൽ വീണ ഭാഗങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ആവശ്യമായ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *