വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് ഇറാന് 48 മണിക്കൂർ അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിശ്ചിത സമയത്തിനുള്ളിൽ കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ കർശന നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയുടെ അന്ത്യശാസനത്തെ ഇറാൻ ശക്തമായി തള്ളിക്കളഞ്ഞു. തങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ അമേരിക്കയുടെ എല്ലാ ഊർജ്ജ കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാൻ സൈനിക കമാൻഡ് തിരിച്ചടിച്ചു. മേഖലയെ ‘നരകതുല്യമാക്കും’ എന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പ്രതികരിച്ചത്.
നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. അന്താരാഷ്ട്ര സമൂഹം സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ട്രംപിന്റെ പുതിയ അന്ത്യശാസനം കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

