യുഎസ് ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്

തെഹ്‌റാൻ: അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാത്ത പക്ഷം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫ് ആണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ യുഎസ് നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു.

യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറന്നുവെക്കില്ലെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ കപ്പലുകളെ കടത്തിവിടുകയുള്ളൂ എന്നുമാണ് ഇറാന്റെ നിലപാട്. ഇറാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് ഖാലിബാഫ് ആവശ്യപ്പെട്ടു.

ഇറാന്റെ ആണവ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ അന്തിമ കരാറിൽ എത്തുന്നത് വരെ ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധം ലംഘിച്ച് നീങ്ങുന്ന കപ്പലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള വിപണിയിൽ എണ്ണവില വർദ്ധനവിനും വിതരണ തടസ്സങ്ങൾക്കും കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് മേഖലയിൽ സൈനിക – നാവിക സംഘർഷം രൂക്ഷമായത്. പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും നിലവിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *