ന്യൂഡൽഹി: വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും (Delimitation) ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിർണ്ണായകമായ 131-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8:30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
ബില്ലിന് അനുകൂലമായി 298 വോട്ടുകളും എതിർത്ത് 230 വോട്ടുകളും ലഭിച്ചു. വോട്ടുചെയ്ത 528 അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം (352 വോട്ടുകൾ) ലഭിക്കാത്തതിനെത്തുടർന്നാണ് ബിൽ പരാജയപ്പെട്ടത്.
ബിൽ പരാജയപ്പെട്ടതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും സർക്കാരിന്റെ അടുത്ത നീക്കങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചേക്കും. നാരീശക്തി വന്ദൻ അധിനിയം നടപ്പിലാക്കുന്നതിലെ തടസ്സങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കാൻ സാധ്യതയുണ്ട്.
ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ബില്ലുകളും (ഡീലിമിറ്റേഷൻ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമഭേദഗതി ബിൽ) സർക്കാർ പിൻവലിച്ചു.വനിതാ സംവരണത്തിനായി രാജ്യം കാത്തിരുന്ന നിർണ്ണായക ഘട്ടത്തിൽ ബിൽ പരാജയപ്പെട്ടത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമാകും.

