സിഡ്നി: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പിടിയിലായ സിഡ്നി സ്വദേശിക്കെതിരെ ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് വൻതോതിൽ ചൈൽഡ് അബ്യൂസ് മെറ്റീരിയലുകൾ കണ്ടെത്തിയതിനെത്തുടർന്ന് 129 പുതിയ കുറ്റങ്ങൾ കൂടി ഇയാൾക്കെതിരെ ചുമത്തി. ഇതോടെ ഇയാൾ നേരിടുന്ന ആകെ കേസുകളുടെ എണ്ണം 137 ആയി വർദ്ധിച്ചു.
2025 ജൂലൈയിലാണ് എട്ടു കുറ്റങ്ങൾ ചുമത്തി ഇയാളെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP) നടത്തിയ ഫോറൻസിക് പരിശോധനയിലാണ് കുറ്റകൃത്യത്തിന്റെ വ്യാപ്തി വ്യക്തമായത്. നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളിൽ ചിലതിന് 20 വർഷം വരെ തടവുശിക്ഷ ലഭിക്കാം. പ്രതിയുടെ വ്യക്തിവിവരങ്ങളും മുൻപത്തെ ജോലി സംബന്ധിച്ച വിവരങ്ങളും വെളിപ്പെടുത്തുന്നതിന് കോടതിയുടെ കർശന വിലക്കുണ്ട്.
68 കേസ് ചൈൽഡ് അബ്യൂസ് മെറ്റീരിയലുകൾ നിർമ്മിച്ചതിനും, 29 കേസ് അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനുമാണ്. കൂടാതെ, 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇത്തരം ദൃശ്യങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചതിനും 10 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി സ്പർശിച്ചതിനുമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
2009 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഈ അതിക്രമങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.2.4 ദശലക്ഷം ഇലക്ട്രോണിക് ഫയലുകളാണ് ഇയാളുടെ ഉപകരണങ്ങളിൽ നിന്ന് അന്വേഷണ സംഘം പരിശോധിച്ചു വരുന്നത്.ഇന്നലെ സിഡ്നിയിലെ പരമാട്ട ലോക്കൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അധിക കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ ജൂലൈ മുതൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ദൃശ്യങ്ങളിലുള്ള കുട്ടികളെ തിരിച്ചറിയാനുള്ള ശ്രമകരമായ ജോലിയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെന്ന് എഎഫ്പി ഡിറ്റക്റ്റീവ് സൂപ്രണ്ട് ലൂക്ക് നീധം അറിയിച്ചു. “മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഇത് അതീവ വേദനാജനകമായ കാര്യമാണ്. ബാധിക്കപ്പെട്ട കുടുംബങ്ങളെ വരും ആഴ്ചകളിൽ നേരിട്ട് വിവരങ്ങൾ അറിയിക്കും,” അദ്ദേഹം വ്യക്തമാക്കി.
കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒരു പ്രത്യേക സുരക്ഷിത പോർട്ടൽ സജ്ജീകരിക്കുമെന്നും വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് op-moonbi@afp.gov.au എന്ന മെയിൽ ഐഡി വഴി ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചു.

