ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ മേഖലയിൽ അതിശൈത്യം; താപനില പൂജ്യം ഡിഗ്രിയിലും താഴേക്ക്‌

മെൽബൺ: ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഈ വർഷത്തെ ഏറ്റവും കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തിയേറിയ ശീതക്കാറ്റ് (Cold Front) വീശുന്നതോടെ പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിക്ക് താഴെയോ അതിനടുത്തോ എത്തും. ഈ വർഷത്തെ ഏറ്റവും തണുപ്പേറിയ രാത്രികൾക്കാണ് വരാനിരിക്കുന്ന വാരാന്ത്യം സാക്ഷ്യം വഹിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ വെതർസോൺ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂ സൗത്ത് വെയിൽസിലെ ത്രെഡ്‌ബോയിൽ താപനില മൈനസ് 5 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. വിക്ടോറിയയിലെ ആൽപൈൻ റിസോർട്ടുകളിൽ മൈനസ് 3 ഡിഗ്രിയും, മെൽബണിൽ ശനിയാഴ്ച പുലർച്ചെ 5 ഡിഗ്രി വരെയും തണുപ്പ് അനുഭവപ്പെടാം. ഞായറാഴ്ച പുലർച്ചെയോടെ ടാസ്മാനിയയിലെ സെൻട്രൽ പ്ലേറ്റോയിലുള്ള ലിയാവനീയിൽ മൈനസ് 4 ഡിഗ്രി വരെ താപനില താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെക്ക്, തെക്കുകിഴക്കൻ ഭാഗങ്ങളിൽ രൂപപ്പെട്ട ഉയർന്ന മർദ്ദവും തെളിഞ്ഞ ആകാശവും കാറ്റില്ലാത്ത അവസ്ഥയുമാണ് അതിശൈത്യത്തിന് കാരണമാകുന്നതെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ ആംഗസ് ഹൈൻസ് പറഞ്ഞു. പലയിടങ്ങളിലും ഈ വർഷത്തെ ആദ്യത്തെ അതിശൈത്യമുള്ള പ്രഭാതങ്ങളായിരിക്കും വരാനിരിക്കുന്നത്. കാൻബറയിൽ ഞായറാഴ്ച പുലർച്ചെ താപനില മൈനസ് 1 ഡിഗ്രി വരെ എത്തിയേക്കാം.

തിങ്കളാഴ്ചയോടെ ശൈത്യം നോർത്തേൺ ടേബിൾലാൻഡ്‌സിലേക്ക് വ്യാപിക്കുമെന്നും ഗൈറ, ഗ്ലെൻ ഇന്നസ് തുടങ്ങിയ സ്ഥലങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തണുപ്പ് കൂടുമെങ്കിലും പകലുകളിൽ തെളിഞ്ഞ വെയിൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താപനിലയിൽ വലിയ കുറവാണ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *