ഓസ്‌ട്രേലിയയിൽ രക്തദാന നിയമങ്ങളിൽ ചരിത്രപരമായ മാറ്റം; എൽ.ജി.ബി.ടി.ക്യു.ഐ.എ+ (LGBTQIA+) സമൂഹത്തിന് ഇനി രക്തം നൽകാം

മെൽബൺ: ഓസ്‌ട്രേലിയയിൽ നിലനിന്നിരുന്ന രക്തദാന നിബന്ധനകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. സ്വവർഗാനുരാഗികൾക്കും ഉഭയലൈംഗികതയുള്ള പുരുഷന്മാർക്കും രക്തദാനത്തിന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ആയിരക്കണക്കിന് പുതിയ ദാതാക്കൾക്ക് ഈ സേവനത്തിൻ്റെ ഭാഗമാകാൻ അവസരമൊരുങ്ങി. പുതിയ ദേശീയ മാർഗനിർദ്ദേശങ്ങൾ പ്രകാരം രക്തദാനത്തിനുള്ള മാനദണ്ഡങ്ങളിൽ നിന്ന് ലൈംഗിക ആഭിമുഖ്യത്തെ പൂർണ്ണമായും ഒഴിവാക്കി.

നേരത്തെ, സ്വവർഗാനുരാഗികളായ പുരുഷന്മാർ രക്തം നൽകണമെങ്കിൽ അവസാന മൂന്ന് മാസത്തിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണമായിരുന്നു. എന്നാൽ പുതിയ നിയമം നിലവിൽ വന്നതോടെ, ദീർഘകാലമായി ഏകപങ്കാളി മാത്രമുള്ള (monogamous relationships) ബന്ധങ്ങളിലുള്ളവർക്ക് മറ്റേതൊരു പൗരനെയും പോലെ രക്തം ദാനം ചെയ്യാം. ഓസ്‌ട്രേലിയയിലെ രക്തദാന ചരിത്രത്തിലെ നിർണ്ണായക നാഴികക്കല്ലാണിതെന്ന് ലൈഫ് ബ്ലഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീഫൻ കോർണലിസെൻ പറഞ്ഞു.

2025 ജൂലൈയിൽ പ്ലാസ്മ ദാനത്തിനുള്ള നിയമങ്ങളിൽ വരുത്തിയ ഇളവുകൾ വലിയ വിജയമായിരുന്നു. ഏകദേശം 3,000 പുതിയ ദാതാക്കളും പതിനായിരത്തോളം രക്തദാനങ്ങളും ഇതുവഴി അധികമായി ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം തെറാപ്പിറ്റിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (TGA) ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് തന്നെ, ഉയർന്ന അപകടസാധ്യതയുള്ള ലൈംഗിക പശ്ചാത്തലമുള്ളവർക്ക് ഇപ്പോഴും സ്ക്രീനിംഗ് പരിശോധനകൾ ബാധകമായിരിക്കും. ചിലർക്ക് ഉടനടി രക്തം നൽകാൻ കഴിഞ്ഞില്ലെങ്കിലും പ്ലാസ്മ നൽകാൻ സാധിക്കും.

ഈ നിയമപരിഷ്‌കാരം വഴി പ്രതിവർഷം 20,000 യൂണിറ്റ് അധിക രക്തം ലഭിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. കാൻസർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും അപകടങ്ങളിൽ പരിക്കേറ്റവർക്കുമായി ആഴ്ചയിൽ 33,000 യൂണിറ്റ് രക്തവും പ്ലാസ്മയും ഓസ്‌ട്രേലിയയിൽ ആവശ്യമായി വരുന്നുണ്ട്. കൂടുതൽ ഉൾക്കൊള്ളുന്നതും വിവേചനരഹിതവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ പുതിയ മാറ്റം സഹായിക്കുമെന്ന് അധികൃതർ കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *