കാൻബറ: ഓസ്ട്രേലിയയിലെ മുതിർന്ന പൗരന്മാർക്ക് ആശ്വാസകരമായ വാർത്തയുമായി ഫെഡറൽ സർക്കാർ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെയുള്ള വാക്സിനേഷൻ സൗജന്യമാക്കാൻ തീരുമാനിച്ചു. ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായാണ് ഈ പുതിയ നടപടി. 75 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും, 60 വയസ്സിന് മുകളിലുള്ള അബോറിജിനൽ, ടോറസ് സ്ട്രൈറ്റ് ഐലൻഡർ വിഭാഗത്തിൽപ്പെട്ട തദ്ദേശ വാസിക ൾക്കും ഈ സേവനം തികച്ചും സൗജന്യമായിരിക്കും.
മുതിർന്നവരിൽ, പ്രത്യേകിച്ച് പ്രായമായവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലും ആർ.എസ്.വി ഗൗരവകരമായ ശ്വാസകോശ അണുബാധകൾക്കും ആശുപത്രി വാസത്തിനും കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ വാക്സിൻ പരിപാടി പ്രഖ്യാപിച്ചത്. അർഹരായവർക്ക് ഫാർമസികൾ വഴി സൗജന്യമായി വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.
ഈ പുതിയ നീക്കം പ്രായമായവരിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനും അതുവഴി പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ഭാരം ലഘൂകരിക്കുന്നതിനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. വാക്സിൻ ലഭ്യമാകുന്ന ഫാർമസികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു

