ഓസ്‌ട്രേലിയയിൽ സ്കൂൾ സോൺ വേഗപരിധി പുനഃസ്ഥാപിച്ചു; വിദ്യാർത്ഥികൾ എത്തിയില്ലെങ്കിലും നിയമം ബാധകം

സിഡ്‌നി: ഈസ്റ്റർ അവധിക്കാലത്തിന് ശേഷം ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സ്കൂൾ സോൺ വേഗപരിധി നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ന്യൂ സൗത്ത് വെയിൽസ് (NSW), എ.സി.ടി (ACT) എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് മടങ്ങിയെത്തിയിട്ടില്ലെങ്കിലും ഡ്രൈവർമാർക്ക് വേഗപരിധി നിയമം ബാധകമായിരിക്കും. ഇന്ന് സ്റ്റാഫ് ഡെവലപ്‌മെൻ്റ് ദിനമായതിനാലാണ് കുട്ടികൾക്ക് അവധി തുടരുന്നത്. എ.സി.ടിയിൽ ചൊവ്വാഴ്ചയും ന്യൂ സൗത്ത് വെയിൽസിൽ ബുധനാഴ്ചയുമാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്.

സ്കൂൾ പ്രവർത്തിദിവസങ്ങളിലും സ്റ്റാഫ് ഡെവലപ്‌മെൻ്റ് ദിനങ്ങളിലും സ്കൂൾ സോൺ നിയമങ്ങൾ ഒരുപോലെ ബാധകമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. എൻ.ആർ.എം.എ (NRMA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇത്തരം അധ്യാപക പരിശീലന ദിവസങ്ങളിലാണ് പലപ്പോഴും സ്കൂൾ സോൺ നിയമലംഘനങ്ങൾക്കും പിഴകൾക്കും വലിയ വർധനവുണ്ടാകുന്നത്. സാധാരണയായി പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8 മുതൽ 9:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 4 വരെയുമാണ് സ്കൂൾ സോൺ വേഗപരിധി നിലനിൽക്കുന്നത്.

കർശന പിഴ ശിക്ഷകൾ:

ന്യൂ സൗത്ത് വെയിൽസ് (NSW): സ്കൂൾ സോണിലെ അമിതവേഗതയ്ക്ക് പരമാവധി 3242 ഡോളർ പിഴയും 7 ഡെമെറിറ്റ് പോയിൻ്റുകളും ലഭിക്കാം.

എ.സി.ടി (ACT): 2,136 ഡോളർ വരെ പിഴയും 6 ഡെമെറിറ്റ് പോയിൻ്റുകളും ഈടാക്കാം.

വിക്ടോറിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നീ സംസ്ഥാനങ്ങളിലും ഇന്ന് മുതൽ സ്കൂൾ സോൺ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ക്വീൻസ്‌ലൻഡിൽ സ്കൂൾ അവധിക്കാലത്ത് നടത്തിയ ‘ഓപ്പറേഷൻ യാങ്കി’ (Operation Yankee) എന്ന സുരക്ഷാ പരിശോധനയിൽ 4,045 ഡ്രൈവർമാർക്ക് അമിതവേഗതയ്ക്ക് പിഴ ചുമത്തി. 637 പേർ മദ്യപിച്ചും 609 പേർ ലഹരിമരുന്ന് ഉപയോഗിച്ചും വാഹനമോടിച്ചതിന് പിടിയിലായി.

സ്കൂൾ മേഖലകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ക്വീൻസ്‌ലൻഡ് പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ റൈസ് വൈൽഡ്മാൻ പറഞ്ഞു. സ്കൂൾ സോണുകൾ പുനഃസ്ഥാപിച്ച സാഹചര്യത്തിൽ പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *