ലിസ്മോർ: ഓസ്ട്രേലിയയിലെ പ്രമുഖ ഡയറി സഹകരണ സംഘമായ ‘നോർകോ’ (Norco) പാൽ വിലയിൽ ലിറ്ററിന് അഞ്ച് സെൻ്റ് വർധന പ്രഖ്യാപിച്ചു. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഇന്ധനം, വളം, ചരക്ക് നീക്കം (Freight) എന്നിവയ്ക്കുണ്ടായ അമിതമായ വിലവർധനവ് കർഷകരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ഈ നടപടി. അടുത്ത മാസം മുതൽ പുതുക്കിയ വില നിലവിൽ വരും.
വില വർധിക്കുന്നതോടെ കർഷകർക്ക് ലഭിക്കുന്ന ശരാശരി തുക (Farmgate milk price) ലിറ്ററിന് 97 സെൻ്റായി ഉയരും. നിലവിൽ സൂപ്പർമാർക്കറ്റുകളിൽ നോർകോ ഫുൾ ക്രീം പാൽ ലിറ്ററിന് 2.20 ഡോളർ മുതൽ 2.90 ഡോളർ വരെയാണ് വിൽക്കുന്നത്. പുതിയ വർധനവ് ഒരു സാധാരണ കുടുംബത്തിൻ്റെ പ്രതിവാര ചെലവിൽ ശരാശരി 30 സെൻ്റിൻ്റെ വർധനവുണ്ടാക്കും.
ഡീസൽ വില ഇരട്ടിയായി വർധിച്ചു,വളത്തിന് മൂന്നിരട്ടി വില നൽകേണ്ടി വരുന്നു, ചരക്ക് നീക്കത്തിന് 40 ശതമാനം അധികം ചെലവ് വരുന്നു. ഇത്തരം ചെലവുകൾ കർഷകർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും അവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും നോർകോ ചീഫ് എക്സിക്യൂട്ടീവ് മൈക്കൽ ഹാംപ്സൺ പറഞ്ഞു. ഇത് ലാഭം വർധിപ്പിക്കാനല്ല, മറിച്ച് കർഷകരുടെ നിലനിൽപ്പ് ഉറപ്പാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വളത്തിൻ്റെയും മറ്റും വിലവർധനവ് തുടരുന്ന സാഹചര്യത്തിൽ ഇനിയും വില വർധിപ്പിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വന്തം ബ്രാൻഡ് പാലുകളുടെ (Generic own-brand milk) വില വർധിപ്പിക്കാൻ തയ്യാറാകണമെന്ന് ഡയറി മേഖലയിലെ മറ്റ് സംഘടനകൾ വൻകിട സൂപ്പർമാർക്കറ്റുകളായ കോൾസിനോടും (Coles) വൂൾവർത്ത്സിനോടും (Woolworths) ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ സഹായം ഉടനടി ലഭിച്ചില്ലെങ്കിൽ പല കർഷകർക്കും ഈ രംഗത്തുനിന്ന് പിന്മാറേണ്ടി വരുമെന്ന് ‘ഈസ്റ്റ് ഓസ് മിൽക്ക്’ (eastAUSmilk) പ്രസിഡൻ്റ് ടിം ബേൽ മുന്നറിയിപ്പ് നൽകി

