അജിത് ഡോവൽ രംഗത്തിറങ്ങി; ഊർജ സുരക്ഷ ഉറപ്പാക്കാൻ സൗദി അറേബ്യയുമായി ചർച്ച

റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയുമായി നിർണ്ണായക ചർച്ചകൾ നടത്തി.

സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായാണ് അജിത് ഡോവൽ റിയാദിൽ കൂടിക്കാഴ്ച നടത്തിയത്. ആഗോള ഊർജ വിപണിയിലെ സുസ്ഥിരതയും ഇന്ത്യയിലേക്കുള്ള എണ്ണ വിതരണ ശൃംഖലയിലെ തടസ്സമില്ലാത്ത ലഭ്യതയും ചർച്ചയിൽ പ്രധാന വിഷയങ്ങളായി.

സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ എന്നിവരുമായും അദ്ദേഹം ചർച്ചകൾ നടത്തി. മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും പ്രാദേശിക സുരക്ഷാ വെല്ലുവിളികളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.

പശ്ചിമേഷ്യൻ സംഘർഷം എണ്ണവിലയെയും വിതരണത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ, ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉഭയകക്ഷി നയതന്ത്ര-സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സന്ദർശനം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *