സെൻസസ് 2027; കോഴിക്കോട് ജില്ലയിൽ ഉദ്യോഗസ്ഥ പരിശീലനത്തിന് തുടക്കമായി

കോഴിക്കോട്: രാജ്യത്തിന്റെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പിനുള്ള (സെൻസസ് 2027) പ്രാഥമിക നടപടികൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. സെൻസസ് നടപടികളുടെ ഭാഗമായുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലന പരിപാടി എ.ഡി.എം പി. അഖിൽ ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ ബൃഹത്തായ ദൗത്യത്തിന് മുന്നോടിയായി കൃത്യമായ ആസൂത്രണവും പരിശീലനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. സെൻസസ് പ്രവർത്തനങ്ങളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എ.ഡി.എം ഓർമ്മിപ്പിച്ചു.

ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ താലൂക്ക്, തദ്ദേശ സ്വയംഭരണ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും എന്യൂമറേറ്റർമാർക്കുമുള്ള പരിശീലനം ഘട്ടംഘട്ടമായി നടക്കും. 2027-ൽ നടക്കാനിരിക്കുന്ന സെൻസസ് പൂർണ്ണമായും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ ഇതോടെ ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *