ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യൂങ്ങും തമ്മിൽ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ച് ഉന്നതതല കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യ, കായികം, സംസ്കാരം, സർഗ്ഗാത്മക മേഖലകൾ എന്നിവിടങ്ങളിൽ സഹകരണം ശക്തമാക്കുന്നതിനായി നാല് പ്രധാന ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള നിലവിലെ 27 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം 2030-ഓടെ 50 ബില്യൺ ഡോളറായി ഉയർത്താൻ ഇരു നേതാക്കളും ലക്ഷ്യമിടുന്നു. ഇതിനായി ‘ഇന്ത്യ-കൊറിയ ഫിനാൻഷ്യൽ ഫോറം’, ‘ഇൻഡസ്ട്രിയൽ കോർപ്പറേഷൻ കമ്മിറ്റി’ എന്നീ പുതിയ പ്ലാറ്റ്ഫോമുകൾക്ക് തുടക്കമിട്ടു.
നിർമ്മിത ബുദ്ധി (AI), സെമികണ്ടക്ടറുകൾ തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ ‘ഇന്ത്യ-കൊറിയ ഡിജിറ്റൽ ബ്രിഡ്ജ്’ പദ്ധതിക്ക് തുടക്കമിട്ടു.2010-ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ധാരണയായി.പ്രതിരോധം, കപ്പൽ നിർമ്മാണം, ഹരിത ഊർജ്ജം എന്നീ മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും.
ആഗോള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും കൊറിയയും തമ്മിലുള്ള ബന്ധം സമാധാനത്തിന്റെയും സ്ഥിരതയുടെയും സന്ദേശമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രസിഡന്റ് ലീ ജെ മ്യൂങ്ങിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്

