പശ്ചിമേഷ്യൻ പ്രതിസന്ധി, രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന് കേന്ദ്രം; ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയിൽ പാചകവാതക (LPG) വിതരണം സുഗമമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് എൽപിജി ക്ഷാമം അനുഭവപ്പെടുന്നില്ലെന്നും ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സിലിണ്ടറുകൾ ലഭ്യമാകുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയം സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.

പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, വിതരണത്തിലെ സുതാര്യത ഉറപ്പാക്കാൻ ‘ഡെലിവറി ഓതന്റിക്കേഷൻ കോഡ്’ (DAC) നിർബന്ധമാക്കിയതായും ബുക്കിംഗ് കാലയളവിൽ മാറ്റങ്ങൾ വരുത്തിയതായും മന്ത്രാലയം അറിയിച്ചു. നിലവിൽ പ്രതിദിന ബുക്കിംഗ് 46 മുതൽ 50 ലക്ഷം സിലിണ്ടറുകളായി കുറഞ്ഞത് പരിഭ്രാന്തി മൂലമുള്ള ബുക്കിംഗ് അവസാനിച്ചതിന്റെ സൂചനയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പുണ്ടായതായി ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. ‘സൻമാർ ഹെറാൾഡ്’, ‘ജഗ് അർണവ്’ എന്നീ കപ്പലുകൾക്ക് നേരെയാണ് ഇറാൻ സേനയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് തന്നെ മടങ്ങിയതായി ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ മൻദീപ് സിംഗ് രൺധാവ പറഞ്ഞു. കപ്പലുകളിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.

എന്നാൽ, 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി വന്ന ‘ദേശ് ഗരിമ’ എന്ന ഇന്ത്യൻ കപ്പൽ ശനിയാഴ്ച സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. ഈ കപ്പൽ ഏപ്രിൽ 22-ഓടെ മുംബൈ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി ഇന്ത്യൻ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇറാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *