തൃശ്ശൂർ: മുണ്ടത്തിക്കോട് പനങ്ങാംപറമ്പിലെ വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തെക്കുറിച്ച് തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളും അതുണ്ടാക്കിയ ആഘാതങ്ങളും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (ആർ.ഡി.ഒ) എ. നിർമ്മൽ കുമാറിനെ ചുമതലപ്പെടുത്തി.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത സ്ഥലത്തും ആശുപത്രികളിലും കളക്ടർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെടിക്കെട്ട് നിർമ്മാണത്തിന് മതിയായ ലൈസൻസ് ഉണ്ടായിരുന്നോ എന്നും മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. വെടിക്കെട്ട് പുരയുടെ പ്രവർത്തനം, സ്ഫോടക വസ്തുക്കളുടെ അളവ്, സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകൾ തുടങ്ങിയ കാര്യങ്ങൾ ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിക്കും.
തൃശ്ശൂർ പൂരത്തിന് മുന്നോടിയായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനവും തുടർ നടപടികളും ഏകോപിപ്പിക്കാൻ റവന്യൂ, പോലീസ്, ഫയർ ഫോഴ്സ് വിഭാഗങ്ങൾക്ക് കളക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഫോടനത്തിൽ വീടുകൾക്കും മറ്റുമുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കുന്ന നടപടികളും ഇതിനോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

