തൃശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു. തൃശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്.
സാംപിൾ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകൽ വെടിക്കെട്ട്, ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമുള്ള വെടിക്കെട്ട് എന്നിവയെല്ലാം ഒഴിവാക്കും. വെടിക്കെട്ടിന് പകരം ആചാരത്തിന്റെ ഭാഗമായി കതിനകൾ മാത്രമായിരിക്കും ഉപയോഗിക്കുക.പ്രസിദ്ധമായ കുടമാറ്റം ഇത്തവണ പേരിന് മാത്രമായി ഒതുക്കും. പതിനഞ്ച് മിനിറ്റിലധികം കുടമാറ്റം നീണ്ടുനിൽക്കില്ല. കുടകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകും.എഴുന്നള്ളിപ്പിന് 15 ആനകൾ തന്നെ ഉണ്ടാകുമെങ്കിലും ആഘോഷങ്ങളുടെ പൊലിമ കുറയ്ക്കും.ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവ് ഉൾപ്പെടെയുള്ള മേളങ്ങളിൽ നിലവിൽ മാറ്റങ്ങളില്ല.
കഴിഞ്ഞ ചൊവ്വാഴ്ച മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആഘോഷങ്ങൾ നിയന്ത്രിക്കാൻ തീരുമാനിച്ചത്. അപകടത്തിൽ തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ പൂർണ്ണമായും നശിച്ചിരുന്നു.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനവികാരവും സുരക്ഷയും മുൻനിർത്തിയാണ് ദേവസ്വങ്ങൾ വെടിക്കെട്ട് വേണ്ടെന്ന് വെക്കാൻ തയ്യാറായത്. ചടങ്ങുകൾ ആചാരപരമായി മാത്രം നടത്താനാണ് നിലവിലെ തീരുമാനം.

