ബ്രിസ്‌ബേൻ: നൂറിലധികം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റത്തിന് ക്വീൻസ്‌ലാൻഡ് മജിസ്‌ട്രേറ്റിന്റെ മകൻ വിചാരണ നേരിടണം. ക്വീൻസ്‌ലാൻഡ് മജിസ്‌ട്രേറ്റ് മാർക്ക് ബാംബെറിയുടെ മകനായ കൂപ്പർ മിച്ചൽ ബാംബെറിക്കെതിരായ 129 കുറ്റാരോപണങ്ങളിൽ ബ്രിസ്‌ബേൻ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിചാരണയ്ക്ക് ഉത്തരവിട്ടു.
2025 മാർച്ച്, മെയ് മാസങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളിൽ ബലാത്സംഗം, കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ, കുട്ടികൾക്കെതിരായ 53 അശ്ലീല പെരുമാറ്റങ്ങൾ, ഇന്റർനെറ്റ് ഉപയോഗിച്ച് കുട്ടികളെ ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിച്ച 45 കുറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ദൃശ്യങ്ങൾ നിർമ്മിക്കൽ, കൈവശം വയ്ക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഹെലൻസ് വേൽ സ്വദേശിയായ ബാംബെറി ഇന്ന് കോടതിയിൽ ഹാജരായി. കുറ്റാരോപണങ്ങളോട് പ്രതികരിക്കാനോ കുറ്റം സമ്മതിക്കാനോ തയ്യാറാണോ എന്ന ഡെപ്യൂട്ടി ചീഫ് മജിസ്‌ട്രേറ്റ് സ്റ്റീഫൻ കോർട്ട്നിയുടെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മറുപടി. കേസിലെ ഒരു സാക്ഷിയെ ക്രോസ് വിസ്താരം ചെയ്ത ശേഷം കേസ് വിചാരണയ്ക്ക് വിടുന്നതിൽ പ്രതിഭാഗം അഭിഭാഷകൻ ആദം ഗസ്റ്റ് സമ്മതം അറിയിച്ചു.
പ്രത്യേക സാക്ഷിയായ ഒരു സ്ത്രീയിൽ നിന്ന് വീഡിയോ ലിങ്ക് വഴി തെളിവെടുക്കുന്നതിനായി 25 മിനിറ്റോളം കോടതി നടപടികൾ രഹസ്യമായാണ് നടന്നത്. ഈ സാക്ഷി സംഭവത്തിൽ ഇരയായ കുട്ടിയല്ലെന്ന് കോടതി വ്യക്തമാക്കി. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ജാമ്യമില്ലാതെ കസ്റ്റഡിയിൽ തുടരാൻ കോടതി ഉത്തരവിട്ടു. കേസ് ഇനി ക്വീൻസ്‌ലാൻഡ് ഡിസ്ട്രിക്റ്റ് കോടതിയിലാകും വിചാരണ ചെയ്യുക. വിചാരണാ തീയതി പിന്നീട് നിശ്ചയിക്കും.

