സിഡ്നി: സിഡ്നിയിലെ നോർത്തേൺ ബീച്ചിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിമൂന്നാം നിലയിൽ കുടുങ്ങിക്കിടന്ന വളർത്തുനായയെ അഗ്നിശമനസേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. ഡീ വൈയിലെ മെരിറ്റൺ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്ന് ശനിയാഴ്ച കാണാതായ എൽബി എന്ന രണ്ടു വയസ്സുകാരി ജാക്ക് റസ്സൽ നായയെയാണ് രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയത്.
ബാൽക്കണിയിലെ ചെടിച്ചട്ടികൾക്കിടയിലൂടെ നൂഴ്ന്നിറങ്ങിയ നായ കെട്ടിടത്തിന്റെ മറ്റൊരു വശത്തുള്ള ഇടുങ്ങിയ ഭിത്തിയിൽ കുടുങ്ങുകയായിരുന്നു. നായ ബാൽക്കണിയിൽ നിന്ന് താഴെ വീണുകാണുമെന്ന ഭയത്തിലായിരുന്നു ഉടമസ്ഥർ. കാണാതായതിനെത്തുടർന്ന് ഉടമസ്ഥർ സോഷ്യൽ മീഡിയയിൽ നൽകിയ അറിയിപ്പ് ശ്രദ്ധയിൽപ്പെട്ട ഒരു അയൽവാസി ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് നായയെ കെട്ടിടത്തിന്റെ 13-ാം നിലയിലെ ഒരു അറ്റത്ത് കണ്ടെത്തിയത്.
ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ ജോയൽ സ്പില്ലെയ്ൻ എന്ന ഉദ്യോഗസ്ഥനാണ് അതീവ അപകടകരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങളുമായി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങിയ അദ്ദേഹം, നായയെ സുരക്ഷിതമായി പിടികൂടി ജനാലയിലൂടെ അകത്തെത്തിച്ചു. രക്ഷാപ്രവർത്തനം കാണാൻ താഴെ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകൾ കരഘോഷത്തോടെയാണ് ഈ വിജയത്തെ സ്വീകരിച്ചത്.
രണ്ടു ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെയാണ് നായ ഭിത്തിയിൽ കഴിഞ്ഞിരുന്നത്. രക്ഷപ്പെടുത്തിയ ഉടനെ നായയ്ക്ക് വെള്ളവും ഭക്ഷണവും നൽകിയതായും ആരോഗ്യപരിശോധനകൾക്കായി മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയതായും അധികൃതർ അറിയിച്ചു. തന്റെ പ്രിയപ്പെട്ട വളർത്തുമൃഗത്തെ തിരികെ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഉടമ ജെയ്ക്ക് ഡോബ്രിൻ പറഞ്ഞു.

