ക്വീൻസ്‌ലൻഡ് റെയിൽവേയിൽ സമരപരമ്പര; ശമ്പള ചർച്ചകൾ പരാജയപ്പെട്ടതോടെ വലഞ്ഞ് യാത്രക്കാർ

ബ്രിസ്‌ബേൻ: ക്വീൻസ്‌ലൻഡ് സർക്കാരുമായി നടത്തിയ ശമ്പള പരിഷ്കരണ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് റെയിൽവേ ജീവനക്കാർ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമരത്തിലേക്ക്. റെയിൽ ട്രാം ആൻഡ് ബസ് യൂണിയനും (RTBU) ക്വീൻസ്‌ലൻഡ് റെയിൽവേയും തമ്മിൽ ഫെയർ വർക്ക് കമ്മീഷനിൽ ഇന്നലെ നടത്തിയ ചർച്ചയിൽ ധാരണയാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ഏപ്രിൽ മാസത്തിലെ ട്രാക്ക് അറ്റകുറ്റപ്പണികൾക്കും ദീർഘകാല അടച്ചിടലിനും പിന്നാലെ വരുന്ന ഈ സമരം ക്വീൻസ്‌ലൻഡിലെ റെയിൽ ശൃംഖലയെ വലിയ പ്രതിസന്ധിയിലാക്കും. മെയ് മധ്യത്തിൽ സൺകോർപ്പ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ‘എൻആർഎൽ മാജിക് റൗണ്ട്’ (NRL Magic Round) റഗ്ബി മേളയുടെ സമയത്താണ് സമരം നടക്കുന്നത് എന്നത് യാത്രാക്ലേശം ഇരട്ടിയാക്കും. 18 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ മേളയ്ക്കായി പതിനായിരക്കണക്കിന് കായിക പ്രേമികളാണ് നഗരത്തിലേക്ക് എത്തുന്നത്.

ട്രെയിനുകൾ പൂർണ്ണമായി തടയുന്ന രീതിയിലുള്ള സമരമായിരിക്കില്ല ഇതെന്നും, മറിച്ച് അറ്റകുറ്റപ്പണികൾ, സിഗ്നലിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർ മാറിനിന്നുകൊണ്ടുള്ള ‘റോളിംഗ് സ്ട്രൈക്ക്’ ആയിരിക്കുമെന്നും യൂണിയൻ സെക്രട്ടറി പീറ്റർ അലൻ പറഞ്ഞു. “ഞങ്ങൾ ട്രെയിനുകൾ തടയില്ല. സമരം അളന്നുതൂക്കിയുള്ളതും ആസൂത്രിതവുമാണ്. ഗതാഗതം തടസ്സപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ക്വീൻസ്‌ലൻഡ് റെയിൽവേയ്ക്കായിരിക്കും,” അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ ചർച്ചയുടെ മേശയിലേക്ക് മടങ്ങിവരാൻ യൂണിയനുകളോട് സർക്കാർ ആവശ്യപ്പെട്ടു. ഇലക്ട്രിക്കൽ ജീവനക്കാർക്കായി പ്രത്യേക കരാർ ഉൾപ്പെടെയുള്ള ന്യായമായ ഓഫറുകൾ തങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ക്വീൻസ്‌ലൻഡ് റെയിൽവേ വക്താവ് അറിയിച്ചു. യൂണിയനുകളുടെ ഈ നിലപാട് സുരക്ഷിതവും വിശ്വസനീയവുമായ റെയിൽ സേവനം നൽകുന്നതിനെ തടസ്സപ്പെടുത്തുകയാണെന്നും അധികൃതർ കുറ്റപ്പെടുത്തി.

മാജിക് റൗണ്ട് വാരാന്ത്യത്തിൽ (മെയ് 14-17) അധിക സർവീസുകൾ നടത്താൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, ജീവനക്കാരുടെ നിസ്സഹകരണം മൂലം സർവീസുകൾ മുടങ്ങുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ. യൂണിയൻ മുന്നോട്ടുവെച്ച ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *