സിഡ്‌നി: സിഡ്‌നിയിലെ പൊതുഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങി ന്യൂ സൗത്ത് വെയിൽസ് സർക്കാർ. 82 കോടി ഡോളർ ചെലവഴിച്ചുള്ള ഈ സമഗ്ര പരിഷ്കാരം യാത്രാ വിവരങ്ങൾ കൂടുതൽ കൃത്യമാക്കാനും സേവനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. നിലവിൽ 13 വർഷമായി സിഡ്‌നിയിൽ ഉപയോഗിക്കുന്ന ഒപാൽ (Opal) കാർഡ് സംവിധാനത്തിനാണ് ഈ വൻ മാറ്റം സംഭവിക്കുന്നത്.
ലണ്ടനിലെ ഓയിസ്റ്റർ കാർഡിന്റെ മാതൃകയിൽ നിർമ്മിച്ച ഒപാൽ കാർഡുകൾക്ക് പകരമായി പുതിയ ഡിജിറ്റൽ ആപ്പും കാർഡും അവതരിപ്പിക്കും. യാത്രക്കാരിൽ നിന്ന് അബദ്ധവശാൽ അധിക നിരക്ക് ഈടാക്കിയാൽ അത് സ്വയം തിരികെ നൽകുന്ന സംവിധാനം പുതിയ കാർഡിൽ ഉണ്ടാകും. കൂടാതെ, പ്രധാന പരിപാടികൾക്കായി ടിക്കറ്റ് എടുക്കുന്നവർക്ക് ക്യു.ആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് സൗജന്യ യാത്ര ആസ്വദിക്കാനും സാധിക്കും.
‘ യാത്രാ ആപ്പുകളിൽ ബസ് കാണിക്കുകയും എന്നാൽ യഥാർത്ഥത്തിൽ വരാതിരിക്കുകയും ചെയ്യുന്ന ‘ഗോസ്റ്റ് ബസ്’ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സംവിധാനം സഹായിക്കും. ഇതിന്റെ ഭാഗമായി അയ്യായിരത്തോളം ബസ്സുകളിൽ ആദ്യമായി ഇൻഫർമേഷൻ സ്ക്രീനുകൾ സ്ഥാപിക്കും. ബസ്സുകൾ എവിടെയാണെന്നും എത്ര ത്തോളം തിരക്കുണ്ടെന്നും തത്സമയം അറിയാൻ പുതിയ സാങ്കേതികവിദ്യ യാത്രക്കാരെ സഹായിക്കുമെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി ജോഷ് മുറെ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി 25,000 പുതിയ കാർഡ് റീഡറുകൾ അടുത്ത വർഷം മുതൽ സ്ഥാപിച്ചു തുടങ്ങും. 2028-ഓടെ മുഴുവൻ പരിഷ്കാരങ്ങളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാറ്റങ്ങൾ വരുമ്പോഴും നിലവിലുള്ള ഒപാൽ കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഫോൺ ഉപയോഗിച്ചുള്ള പേയ്‌മെന്റുകളും തുടരാ മെന്നും അധികൃതർ അറിയിച്ചു. സിഡ്‌നിയിലെ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഈ മാറ്റം വലിയ ആശ്വാസമാകുമെന്ന് ഗതാഗത മന്ത്രി ജോൺ ഗ്രഹാം പറഞ്ഞു

