യല്ലിംഗപ്പ് (WA): പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഇഞ്ചുഡപ്പ് നാച്ചുറൽ സ്പായ്ക്ക് (Injidup Natural Spa) സമീപം തിരമാലയിൽപ്പെട്ട് യുവാവ് മുങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പാറക്കെട്ടിന് മുകളിൽ നിൽക്കുകയായിരുന്ന ഇരുപതുകാരനെ ശക്തമായ തിരമാല കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും എമർജൻസി സർവീസും നടത്തിയ തിരച്ചിലിൽ യുവാവിനെ കടലിൽ അബോധാവസ്ഥയിൽ കണ്ടെത്തി. കരയ്ക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന് നീന്തൽ വശമില്ലായിരുന്നുവെന്നും, കടലിലേക്ക് വീണ ഉടൻ തന്നെ ലൈഫ് ബോയ് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ എത്തിച്ചുനൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗത്ത് വെസ്റ്റ് സൂപ്രണ്ട് ആൻഡി എലിയട്ട് മാധ്യമങ്ങളോട് പറഞ്ഞു.
പെർത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണെങ്കിലും സുരക്ഷാ കാര്യത്തിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പാറക്കെട്ടുകളിൽ നിന്ന് കടലിന്റെ പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കാൻ എത്തുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇതേ സ്ഥലത്തുണ്ടാകുന്ന മൂന്നാമത്തെ മരണമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
2020 ഒക്ടോബറിൽ പാറക്കെട്ടിൽ നിന്ന് കടലിലേക്ക് വീണ 23 കാരിയും, 2016-ൽ കടലിലേക്ക് ചാടിയ ശേഷം കാണാതായ 25 കാരനായ മത്തിയാസ് ബാഷെയും ഇഞ്ചുഡപ്പിലെ അപകടങ്ങളുടെ ഇരകളാണ്. ഇവിടെ പാറക്കെട്ടിലൂടെ നടക്കുന്നത് അപകടകരമാണെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണ് പതിവ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണത്തിൽ അസ്വാഭാവികതയില്ലെന്നും ക്രോണർക്കായി റിപ്പോർട്ട് തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു.

