സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടര്‍ച്ചയായി വെയിലേറ്റാല് സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണം.
വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.
· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
· പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
· ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
· തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുക.
· കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം.
· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
· വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളേയും പ്രായമായവരേയും ഇരുത്തിയിട്ട് പോകാതിരിക്കുക.
· ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ പകല്‍ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.
· കടകളിലും ഹോട്ടലുകളിലും ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം

