നികുതി പരിഷ്കാരം അനിവാര്യം; സാമൂഹിക ഐക്യം തകരാതിരിക്കാൻ കടുത്ത നടപടികളുമായി ആന്തണി ആൽബനീസ്

പെർത്ത്: രാജ്യത്തെ ഭവന പ്രതിസന്ധിയും സാമ്പത്തിക അസമത്വവും പരിഹരിക്കാൻ ലക്ഷ്യമിട്ട് നിക്ഷേപകർക്കുള്ള നികുതി ആനുകൂല്യങ്ങളിൽ വൻ വെട്ടിക്കുറയ്ക്കലുകൾക്കൊരുങ്ങി ആന്തണി ആൽബനീസ് സർക്കാർ. അടുത്ത മാസം അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിൽ നെഗറ്റീവ് ഗിയറിംഗിലും ക്യാപിറ്റൽ ഗെയിൻസ് ടാക്സിലും (CGT) നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. പെർത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, രാജ്യത്തെ സാമൂഹിക ഐക്യം നിലനിർത്താൻ ഇത്തരം നികുതി പരിഷ്കാരങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അമിതമായ നികുതി ആനുകൂല്യങ്ങൾ പുതിയ തലമുറയ്ക്ക് വീട് വാങ്ങുന്നതിന് തടസ്സമാകുന്നുവെന്നും ഇത് ജനങ്ങൾക്കിടയിൽ വലിയ വിഭജനം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന മെയ് 12-ലെ ബജറ്റ് ലേബർ സർക്കാരിന്റെ ഏറ്റവും നിർണ്ണായകവും ലക്ഷ്യബോധമുള്ളതുമായ ഒന്നായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ 12 മാസത്തിൽ കൂടുതൽ കൈവശം വെക്കുന്ന ആസ്തികൾ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് നൽകുന്ന 50 ശതമാനം നികുതി ഇളവ് നിർത്തലാക്കിയേക്കും. പകരം ആസ്തിയുടെ വാങ്ങിയ വിലയെ പണപ്പെരുപ്പവുമായി (Inflation) ബന്ധിപ്പിച്ചു കണക്കാക്കുന്ന രീതി തിരികെ കൊണ്ടുവന്നേക്കാം.

ആദ്യം വസ്തു നിക്ഷേപങ്ങളിൽ മാത്രം മാറ്റം വരുത്താനായിരുന്നു ആലോചനയെങ്കിലും, ഇപ്പോൾ ഷെയർ മാർക്കറ്റ് നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആസ്തികളിലേക്കും ഈ പരിഷ്കാരം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.പണപ്പെരുപ്പത്തിന് മുകളിലുള്ള യഥാർത്ഥ ലാഭത്തിന് മാത്രം നികുതി ഈടാക്കുക എന്ന രീതിയിലേക്ക് മാറാനാണ് നീക്കം. ഇത് ദീർഘകാല നിക്ഷേപകരെ ബാധിച്ചേക്കാം.സർക്കാരിന്റെ ഈ നീക്കം ഓഹരി വിപണിയെ തകർക്കുമെന്ന് ‘ഫ്രീലാൻസർ’ സി.ഇ.ഒ മാറ്റ് ബാരി മുന്നറിയിപ്പ് നൽകി. വ്യക്തിഗത ഓഹരി നിക്ഷേപങ്ങളെ ലക്ഷ്യം വെക്കുന്നത് നിക്ഷേപകരുടെ താല്പര്യം ഇല്ലാതാക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഷെയ്ൻ ഒലിവറും ചൂണ്ടിക്കാട്ടി. നികുതി ഭാരം ഒരു ചെറിയ വിഭാഗം ആളുകളിലേക്ക് അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ അധ്വാനിക്കാനുള്ള താല്പര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ ഭയപ്പെടുന്നു.

ഭവന പ്രതിസന്ധി പരിഹരിക്കാനും സാമ്പത്തിക സന്തുലിതാവസ്ഥ ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ ഈ നീക്കത്തെ നിക്ഷേപക ലോകം അതീവ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *