അലിസ് സ്പ്രിങ്‌സ്: നോർത്തേൺ ടെറിട്ടറിയിലെ അലിസ് സ്പ്രിങ്‌സിൽ നിന്നും അഞ്ചുവയസ്സുകാരി ഷാരോണിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടി പോലീസ്. ഒളിവിൽ കഴിയുന്ന പ്രതി ജെഫേഴ്‌സൺ ലൂയിസിനെ (47) ചിലർ സഹായിക്കുന്നതായി കരുതുന്നുവെന്നും, വിവരം മറച്ചുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30-ഓടെയാണ് ഒൾഡ് ടൈമേഴ്‌സ് ക്യാമ്പിലെ മാർഷൽ കോർട്ടിലുള്ള വീട്ടിൽ നിന്നും കുട്ടിയെ കാണാതായത്. കുട്ടിയുടെ കൈപിടിച്ച് ജെഫേഴ്‌സൺ ലൂയിസ് നടന്നുപോകുന്നത് കണ്ടതായി സാക്ഷിമൊഴികളുണ്ട്. പ്രതിയെ പിടികൂടാൻ ഞായറാഴ്ച തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
സംഭവസ്ഥലത്തുനിന്ന് പ്രതി ധരിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള ഷർട്ടും കുട്ടിയുടെ വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ ഡാർവിനിലെ ഫോറൻസിക് ലാബിലേക്ക് അയച്ചു.അഞ്ച് ചതുരശ്ര കിലോമീറ്റർ കാൽനടയായും 80 ചതുരശ്ര കിലോമീറ്റർ വ്യോമമാർഗ്ഗവും വാഹനങ്ങളിലും തിരച്ചിൽ നടത്തി. നൂറിലധികം പോലീസുകാരും നൂറുകണക്കിന് സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്.പ്രതി മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ വാഹനമോ ഉപയോഗിക്കാത്തത് പോലീസിന് വലിയ വെല്ലുവിളിയാണ്. അതിനാൽ ‘ഓൾഡ് സ്കൂൾ’ രീതിയിലുള്ള വീടുകൾ തോറുമുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.കുട്ടി ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് പോലീസിന്റെ വിശ്വാസം. എങ്കിലും കൊടുംകാട്ടിൽ തനിയെ കഴിയുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ മാലി പറഞ്ഞു.
പ്രതിയുടെ ബന്ധുക്കളുള്ള യുൻഡുമു, വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ബാൽഗോ എന്നിവിടങ്ങളിലെല്ലാം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സമുദായത്തിന്റ സഹായത്തോടെ പ്രതിയെ ഒളിവിൽ പാർപ്പിക്കാൻ ശ്രമിക്കരുതെന്നും വിവരം ലഭിക്കുന്നവർ ഉടൻ പോലീസിനെ അറിയിക്കണമെന്നും പോലീസ് കമ്മീഷണർ മാർട്ടിൻ ഡോൾ അഭ്യർത്ഥിച്ചു. തദ്ദേശീയകാര്യ മന്ത്രി മലാൻഡീരി മക്കാർത്തി അലിസ് സ്പ്രിങ്‌സിലെത്തി കുടുംബത്തെ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. പ്രദേശത്തെ സന്നദ്ധ സംഘടനകളും വ്യാപാര സ്ഥാപനങ്ങളും തിരച്ചിൽ നടത്തുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകുന്നുണ്ട്.

