സിഡ്നി: സിഡ്നിക്ക് പടിഞ്ഞാറുള്ള ബോവൻ മൗണ്ടനിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ച ദുരന്തത്തിന്റെ നടുക്കത്തിലാണ് പ്രാദേശിക സമൂഹം. പത്തു വയസ്സുകാരി മൈല, നാല് വയസ്സുകാരൻ റിവർ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട പിതാവ് ഡേവിഡ് ഹിഗിൻസും മറ്റ് നാല് മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ദുരന്തം സംഭവിച്ചത്. പുതിയൊരു ജീവിതം തേടി മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറാൻ തയ്യാറെടുത്തിരുന്ന ദിവസമാണ് കുടുംബത്തിന് ഈ കനത്ത ആഘാത മുണ്ടായത് എന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ആറ് കുട്ടികളുള്ള ഈ കുടുംബത്തിലെ മാതാവ് ഈ സമയം ക്വീൻസ്ലാന്റിലെ പുതിയ വീട്ടിലേക്ക് സാധനങ്ങളുമായി യാത്രയിലായിരുന്നു.
തീപിടുത്തത്തിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട അഞ്ചുപേരും നെപിയൻ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാർജ് ആയി. ഇതിനിടെ, ദുരന്തം നടന്ന വീടിന് മുന്നിൽ മൈലയുടെയും റിവറിന്റെയും സുഹൃത്തുക്കളും സഹപാഠികളും കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. കളിപ്പാട്ടങ്ങളും ടെഡി ബിയറുകളും പൂക്കളും നിറഞ്ഞ ആ സ്മാരകത്തിന് മുന്നിൽ മൈലയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഹൃദയഭേദകമായ കുറിപ്പുകൾ കരുതിയിരുന്നു. “നീ ഞങ്ങളോടൊപ്പം ഇപ്പോഴുമുണ്ടാ യിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു” എന്നായിരുന്നു അവളുടെ ഉറ്റ സുഹൃത്തുക്കൾ കുറിച്ച വരികൾ.
രണ്ടായിരത്തിൽ താഴെ മാത്രം ആളുകൾ താമസിക്കുന്ന ബോവൻ മൗണ്ടൻ എന്ന ഈ കൊച്ചു ഗ്രാമം തങ്ങളുടെ പ്രിയപ്പെട്ട അയൽക്കാർക്കായി ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. കുടുംബത്തെ സഹായി ക്കാനായി ആരംഭിച്ച ഫണ്ട് ശേഖരണത്തിലൂടെ ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 22,000 ഡോളറിലധികം സമാഹരിക്കാൻ കഴിഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ തന്നെ വീടിന്റെ മേൽക്കൂരയും മറ്റും പൂർണ്ണമായും തകർന്നിരുന്നു. ഏകദേശം 60-ഓളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടുത്തത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച കുട്ടികളുടെ കുടുംബത്തിന് ആദരാഞ്ജലികൾ അർപ്പിച്ച പ്രാദേശിക എം.പി സൂസൻ ടെമ്പിൾമാൻ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അഗ്നിശമന സേനാംഗങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. തങ്ങളുടെ പ്രിയപ്പെട്ട വീടിന്റെ സ്ഥാനത്ത് കത്തി യമർന്ന അവശിഷ്ടങ്ങൾ മാത്രം ബാക്കിയായപ്പോൾ, പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കായി പൂക്കൾ അർപ്പിക്കാൻ എത്തിയ നാട്ടുകാരുടെ കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. സമാധാനപരമായ രീതിയിൽ ദുഃഖിക്കാൻ തങ്ങളെ അനുവദിക്കണമെന്നും നാട്ടുകാർ നൽകുന്ന വലിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കുടുംബവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

