ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതികളുമായി കേന്ദ്ര സർക്കാർ. എഥനോൾ, ബയോഫ്യുവൽ തുടങ്ങിയ ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു.
പെട്രോളിയം ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനുമുള്ള കേന്ദ്ര നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിൽ ഡീസലിൽ ഉപയോഗിക്കുന്ന ബയോഡീസൽ മിശ്രണത്തിന്റെ അളവ് പത്ത് ശതമാനത്തിൽ (B10) നിന്നും നൂറ് ശതമാനത്തിലേക്ക് (B100) ഉയർത്താനുള്ള നിർദ്ദേശങ്ങൾ കരട് ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം എഥനോൾ മിശ്രിത ഇന്ധനങ്ങളുടെ ഉപയോഗത്തിനുള്ള സാങ്കേതിക മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരും.
വാഹനങ്ങളുടെ എൻജിൻ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് കൂടുതൽ ജൈവ ഇന്ധനം ഉപയോഗിക്കാനുള്ള ചട്ടക്കൂടാണ് പുതിയ ഭേദഗതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഇത് നടപ്പിലാകുന്നതോടെ കാർഷിക മേഖലയിൽ നിന്നുള്ള ഉപോൽപ്പന്നങ്ങളിൽ നിന്ന് നിർമ്മിക്കുന്ന ഇന്ധനങ്ങൾക്ക് വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. കരട് വിജ്ഞാപനത്തിന്മേൽ മുപ്പത് ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമാകുന്ന മുറയ്ക്ക് പുതിയ മാനദണ്ഡങ്ങൾ രാജ്യത്തെ നിരത്തുകളിൽ പ്രാബല്യത്തിൽ വരും

