ന്യൂഡൽഹി: രാജ്യത്തെ രണ്ടര ലക്ഷത്തിലധികം പഞ്ചായത്തുകളുടെ പ്രകടനം വിലയിരുത്തിയുള്ള പഞ്ചായത്ത് ഡെവലപ്മെന്റ് ഇൻഡക്സ് (PDI) പ്രകാരം ആലപ്പുഴ ജില്ലയിലെ ചെറുതന രാജ്യത്തെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. 2023-24 വർഷത്തെ ആരോഗ്യം, ജലം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി 150-ലധികം ഘടകങ്ങൾ പരിശോധിച്ചാണ് ഈ നേട്ടം. 2023-ൽ മികച്ച ശിശു സൗഹൃദ ഗ്രാമപഞ്ചായത്തായും ചെറുതന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പഞ്ചായത്തുകളുടെ ആകെ പ്രകടനം വിലയിരുത്തുമ്പോൾ സംസ്ഥാനങ്ങളുടെ പട്ടികയിൽ ത്രിപുരയാണ് ഒന്നാമത്. കേരളം രണ്ടാമതും ഒഡീഷ മൂന്നാമതുമാണ്. കേരളത്തിലെ പഞ്ചായത്തുകളിൽ ഇടമലക്കുടിയാണ് സൂചികയിൽ ഏറ്റവും പിന്നിലായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഓരോ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരളത്തിലെ മറ്റ് പ്രധാന പഞ്ചായത്തുകൾ താഴെ പറയുന്നവയാണ്:
ദാരിദ്ര്യ മുക്തി: കടലുണ്ടി
ആരോഗ്യം: നിരണം
ജനസൗഹൃദം: ഒറ്റൂർ
ജലലഭ്യത: തിരുപുരം
ശുചിത്വം: തൃത്താല
അടിസ്ഥാന സൗകര്യം: മേലുകാവ്
സാമൂഹിക സുരക്ഷ: തൃപ്പങ്ങോട്ടൂർ
സദ്ഭരണം: കുറുമാത്തൂർ
വനിതാ സൗഹൃദം: കോട്ടുകാൽ
സംസ്ഥാനത്തെ മികച്ച 10 പഞ്ചായത്തുകളുടെ പട്ടികയിൽ ചെറുതനയ്ക്ക് പുറമെ കുമാരപുരം, പുതുക്കാട്, വിളപ്പിൽ, താഴേക്കോട്, ഇരിക്കൂർ, കോട്ടുകാൽ, മല്ലപ്പള്ളി, എഴുമറ്റൂർ, തിരുപുരം എന്നിവയും ഇടംപിടിച്ചു.

