പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് നിയമസഭയിലെത്തുന്നു; സ്വാതി മലിവാളിന്റെ ആരോപണം

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിനെതിരെ ഗുരുതര ആരോപണവുമായി രാജ്യസഭാംഗം സ്വാതി മലിവാൾ രംഗത്ത്. മുഖ്യമന്ത്രി മദ്യപിച്ചാവസ്ഥയിലാണ് നിയമസഭയിൽ എത്തുന്നതെന്നതാണ് പ്രധാന ആരോപണം.

നിയമസഭയിൽ മൻ സംസാരിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മലിവാൾ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി മദ്യപിച്ചിരുന്നുവെന്ന് സംശയിക്കുന്നതിനാൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും, കുറ്റം തെളിഞ്ഞാൽ രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി മദ്യപിച്ചാവസ്ഥയിൽ ഗുരുദ്വാരങ്ങളിലും ക്ഷേത്രങ്ങളിലും പോകുന്നതായും, സർക്കാർ യോഗങ്ങളിലും മദ്യലഹരിയോടെ പങ്കെടുക്കുന്നതായും മലിവാൾ ആരോപിച്ചു. ലഹരിയിൽ ആയിരിക്കെ ഫയലുകൾ ഒപ്പിടുന്നതും സംസ്ഥാന ഭരണത്തിന് അപമാനകരമാണെന്നും അവർ വിമർശിച്ചു.

അടുത്തിടെ ആം ആദ്മി പാർട്ടിയിൽ നിന്നു പുറത്തുപോയി ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് മലിവാൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തിയത്. അതേസമയം, ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *