മംഗളാദേവി ക്ഷേത്രോത്സവത്തിനിടെ ഇടിമിന്നൽ; പോലീസുകാരനടക്കം ആറുപേർക്ക് പരിക്ക്

കുമളി: ചിത്തിര പൗർണ്ണമി ഉത്സവത്തോടനുബന്ധിച്ച് ഇടുക്കി മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർക്കും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഇടിമിന്നലേറ്റു. ഇടുക്കി ഡി.എച്ച്.ക്യുവിലെ സി.പി.ഒ. അൻസാർ (34), അഞ്ച് ഭക്തർ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉണ്ടായ ശക്തമായ മഴയ്ക്കിടെയാണ് സംഭവം.

മിന്നലേറ്റ ആഘാതത്തിൽ തെറിച്ചുവീണ അൻസാറിന്റെ ഇടതു കൈമുട്ടിന് പൊട്ടലേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് അഞ്ച് ഭക്തരെയും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ (FHC) പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ഉത്സവത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയ സമയത്താണ് കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് മിന്നൽ ഉണ്ടായത്. വനംവകുപ്പും പോലീസും സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *