ഫിഫ ലോകകപ്പ് 2026: ഇറാൻ പങ്കെടുക്കും; അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഫിഫ സ്ഥിരീകരണം

വാങ്കൂവർ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഉണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്, 2026 ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ സ്ഥിരീകരിച്ചു.
ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫന്റീനോ ഇറാൻ ലോകകപ്പിൽ “നിശ്ചയമായി പങ്കെടുക്കും” എന്ന് വ്യക്തമാക്കിയത്.

രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും ഫുട്ബോൾ രാഷ്ട്രീയത്തിൽ നിന്ന് വേർതിരിച്ചുനിർത്തണമെന്ന് ഫിഫ നിലപാട് ആവർത്തിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.


അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇറാൻ ഗ്രൂപ്പ് മത്സരങ്ങൾ യുഎസിൽ നടത്താനാണ് നിലവിലെ പദ്ധതി. സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ സുരക്ഷാ ആശങ്കകളും വിസാ പ്രശ്നങ്ങളും സംബന്ധിച്ച് ചർച്ചകൾ തുടരുന്നുണ്ടെങ്കിലും മത്സരക്രമത്തിൽ മാറ്റമില്ലെന്നാണ് ഫിഫ വ്യക്തമാക്കിയിരിക്കുന്നത്.


ഇറാന്റെ പങ്കാളിത്തത്തെതിരെ ചില രാജ്യങ്ങളിൽ പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ യോഗ്യത നേടിയ ടീമുകളെ രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കില്ലെന്ന നിലപാടിലാണ് ഫിഫ. ലോകകപ്പ് മത്സരങ്ങൾ 2026 ജൂണിൽ ആരംഭിക്കാനിരിക്കെ, ഇറാന്റെ പങ്കാളിത്തം ഉറപ്പായതോടെ കായികരംഗത്ത് അനിശ്ചിതത്വം കുറയുന്നുവെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *