വാഷിംഗ്ടൺ: ഇറാനുമായുള്ള അമേരിക്കയുടെ സൈനിക സംഘർഷം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ 7 മുതൽ യുദ്ധവിരാമം പ്രാബല്യത്തിൽ വന്നതോടെ “വൈര്യപ്രവർത്തനങ്ങൾ അവസാനിച്ചു” എന്നാണ് ട്രംപ് കോൺഗ്രസിനെ അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
1973ലെ വാർ പവേഴ്‌സ് റസല്യൂഷൻ പ്രകാരം 60 ദിവസത്തിനകം കോൺഗ്രസ് അനുമതി നേടേണ്ട സാഹചര്യത്തിൽ, യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചതിലൂടെ ആ സമയപരിധി ഒഴിവാക്കാനാണ് ട്രംപ് ശ്രമിച്ചതെന്നാണ് വിലയിരുത്തൽ
അതേസമയം, യുദ്ധം അവസാനിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. യുദ്ധവിരാമത്തിന് ശേഷവും അമേരിക്കൻ സൈന്യം പ്രദേശത്ത് തുടരുകയും ഇറാനെതിരെ നാവിക ഉപരോധം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, സംഘർഷം യാഥാർത്ഥ്യത്തിൽ അവസാനിച്ചിട്ടില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
കോൺഗ്രസ് അംഗങ്ങളായ ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിന്റെ നിലപാട് ചോദ്യം ചെയ്തു. സൈനികർ ഇപ്പോഴും അപകടത്തിൽ തുടരുകയാണെന്നും, കോൺഗ്രസിന്റെ ഔദ്യോഗിക അനുമതി കൂടാതെ യുദ്ധനടപടികൾ തുടരുന്നത് നിയമപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്–ഇറാൻ സംഘർഷം ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും കാരണമായിരുന്നു. യുദ്ധം അവസാനിച്ചുവെന്ന പ്രഖ്യാപനം ഉണ്ടായിട്ടും പ്രദേശത്ത് സംഘർഷാവസ്ഥ പൂർണമായി അവസാനിച്ചിട്ടില്ലെന്നതാണ് നിലവിലെ അവസ്ഥ

