വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ചെറിയ വിമാനം തകർന്നു വീണ് അഞ്ചുപേർ മരിച്ചു. വിൻബർലി പ്രദേശത്ത് വ്യാഴാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. സെസ്ന 421C മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റും നാലു യാത്രക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സ്ഥലത്തുവെച്ച് മരിച്ചു.
അമരില്ലോയിൽ നിന്ന് ന്യൂ ബ്രൗൺഫെൽസിലേക്ക് പോകുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. രാത്രി ഏകദേശം 11.25ഓടെ വിൻബർലി സമീപമുള്ള കാടുപ്രദേശത്താണ് അപകടം സംഭവിച്ചതെന്ന് അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മരണപ്പെട്ടവരുടെ തിരിച്ചറിയൽ വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുന്നതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക വിവരങ്ങൾ പ്രകാരം, വിമാനം ഉയർന്ന വേഗത്തിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

