കൊച്ചി: വൻകിട കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടുത്തങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ നൂതന റോബോട്ടിക് സാങ്കേതികവിദ്യയുമായി ഒരു യുവ പ്രതിഭ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിലാണ് കോഴിക്കോട് ബാലുശ്ശേരി ജി.എച്ച്.എസ്.എസിലെ കാർത്തിക് ബിജേഷ് വികസിപ്പിച്ച ‘ഫയർ റെസ്‌ക്യൂ റോവർ’ ശ്രദ്ധാകേന്ദ്രമായത്. കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ നടക്കുന്ന ക്യാമ്പിലെ പ്രദർശനത്തിൽ ഈ കണ്ടുപിടുത്തം വലിയ പ്രശംസ പിടിച്ചുപറ്റി.
മനുഷ്യർക്ക് നേരിട്ട് കടന്നുചെല്ലാൻ പ്രയാസമുള്ള അപകടമേഖലകളിൽ പ്രവേശിച്ച് രക്ഷാപ്രവർത്തനം നടത്താൻ ഈ റോവറിന് സാധിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് പുറത്തുനിന്ന് നിയന്ത്രിക്കാവുന്ന ഈ സംവിധാനം അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആർഡ്വിനോ യുണോ, ഇഎസ്പി 32 എന്നീ ഇരട്ട ബോർഡുകളാൽ നിയന്ത്രിക്കപ്പെടുന്ന ഈ റോവറിൽ അന്തരീക്ഷ താപനിലയും ഈർപ്പവും അളക്കാൻ നാല് സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്.
റോവറിന്റെ സ്വയംനിയന്ത്രിത സുരക്ഷാ സംവിധാനങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നാൽ സെൻസറുകൾ അത് തിരിച്ചറിയുകയും പമ്പ് പ്രവർത്തിപ്പിച്ച് സ്വയം വെള്ളം ചീറ്റുകയും ചെയ്യും. കൂടാതെ, മുന്നിലോ പിന്നിലോ തടസ്സങ്ങളുണ്ടായാൽ അൾട്രാസോണിക് സെൻസർ ഉപയോഗിച്ച് അവ തിരിച്ചറിഞ്ഞ് വാഹനം സ്വയം നിൽക്കുന്ന സംവിധാനവും ഇതിലുണ്ട്.
നിലവിൽ ഇതൊരു പ്രോട്ടോടൈപ്പ് മാതൃകയാണെങ്കിലും, ഇൻഫ്രാറെഡ് സെൻസറുകളും റിലേകളും ഉപയോഗിച്ച് വലിയ രീതിയിൽ വികസിപ്പിച്ചെടുത്താൽ വലിയ കെട്ടിടങ്ങളിലെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാമെന്ന് കാർത്തിക് വ്യക്തമാക്കുന്നു. പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആനിമേഷൻ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾ കൈവരിച്ച പുരോഗതി വിളിച്ചോതുന്നതായിരുന്നു ക്യാമ്പിലെ ആദ്യ ദിവസത്തെ പ്രദർശനം. നിത്യജീവിതത്തിലെ പ്രതിസന്ധികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണുന്ന നിരവധി പ്രോജക്റ്റുകളാണ് ക്യാമ്പിലെ പ്രധാന ആകർഷണം

