വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിനാൽ യുദ്ധം തുടരാൻ കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് നേതാക്കൾക്ക് അയച്ച കത്തിലാണ് ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷം ഇപ്പോൾ “അവസാനിച്ചതായി” ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 7 മുതൽ നിലവിലുള്ള വെടിനിർത്തലിന് ശേഷം യാതൊരു വെടിവെപ്പും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1973ലെ വാർ പവേഴ്‌സ് റെസല്യൂഷൻ പ്രകാരം 60 ദിവസത്തിനുള്ളിൽ കോൺഗ്രസിന്റെ അനുമതി നേടേണ്ടതുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ അത് ബാധകമല്ലെന്നാണ് ട്രംപിന്റെ നിലപാട്. വെടിനിർത്തലോടെ സംഘർഷം അവസാനിച്ചതിനാൽ സമയപരിധി ബാധകമല്ലെന്ന് അദ്ദേഹം വാദിച്ചു.
എന്നാൽ ട്രംപിന്റെ ഈ നിലപാടിനെതിരെ ഡെമോക്രാറ്റിക് നേതാക്കളും നിയമ വിദഗ്ധരും വിമർശനം ഉയർത്തി. അമേരിക്കൻ സൈന്യം ഇപ്പോഴും പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്നും, സംഘർഷാവസ്ഥ പൂർണമായി അവസാനിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, ഭാവിയിൽ ആവശ്യമെങ്കിൽ ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷം അവസാനിച്ചുവെന്ന പ്രഖ്യാപനത്തിനിടയിലും മേഖലയിൽ അനിശ്ചിതത്വം തുടരുന്നതായി വിലയിരുത്തപ്പെടുന്നു.

