ന്യൂഡൽഹി: ഡൽഹിയിലെ ഷാഹദറയിലെ വിവേക് വിഹാർ പ്രദേശത്തെ നാല് നില കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ എയർ കണ്ടീഷണർ സ്ഫോടനമാണ് തീപിടിത്തത്തിന് കാരണമായിരിക്കാമെന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ കൃത്യമായ കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം തുടരുകയാണ്. തീപിടിത്തത്തിൽ നാല് സ്ത്രീകളും നാല് പുരുഷന്മാരും ഒരു കുട്ടിയും ഉൾപ്പെടെ ഒമ്പത് പേർ മരണപ്പെട്ടു. വിവിധ നിലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പുലർച്ചെ ഏകദേശം 3.45ഓടെയാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. പിന്നാലെ നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. 10–15 പേരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി.കെട്ടിടത്തിനുള്ളിലെ പൂട്ടിയ വാതിലുകളും ഗ്രിൽ ഘടനകളും രക്ഷപ്പെടുന്നതിന് തടസ്സമായതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

