ഫെഡറൽ ബജറ്റിന് മുന്നോടിയായി മൂന്ന് പ്രധാന നികുതി പരിഷ്കാരങ്ങൾക്കൊരുങ്ങി ആൽബനീസി സർക്കാർ

കാൻബറ: മെയ് 12-ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിൽ നിർണ്ണായകമായ മൂന്ന് നികുതി പരിഷ്കാരങ്ങൾ ഉൾപ്പെടുത്താൻ ഓസ്‌ട്രേലിയൻ സർക്കാർ ആലോചിക്കുന്നു. നെഗറ്റീവ് ഗിയറിംഗ് (negative gearing) നിയന്ത്രണങ്ങൾ, ക്യാപിറ്റൽ ഗെയിൻസ് ടാക്സിലെ മാറ്റങ്ങൾ, ഫാമിലി ട്രസ്റ്റ് നികുതി ഇളവുകൾ നിർത്തലാക്കൽ എന്നിവയാണ് പ്രധാനമായും പരിഗണനയിലുള്ളതെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

നെഗറ്റീവ് ഗിയറിംഗിലെ മാറ്റങ്ങൾ പുതുതായി നിർമ്മിക്കുന്ന പ്രോപ്പർട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും. നിലവിലുള്ള ഭൂവുടമകളെ ഇതിൽ നിന്നും ഒഴിവാക്കിയേക്കുമെങ്കിലും ഭാവിയിലെ നിക്ഷേപകർക്ക് വാടകയിൽ നിന്നുള്ള നഷ്ടം നികുതിയിൽ നിന്ന് കുറയ്ക്കാൻ സാധിക്കില്ല. കൂടാതെ, നിലവിലുള്ള 50 ശതമാനം ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഇളവ് ഒഴിവാക്കി, പണപ്പെരുപ്പത്തിന് ശേഷമുള്ള യഥാർത്ഥ നേട്ടത്തിന് മാത്രം നികുതി ചുമത്തുന്ന ഇൻഡക്സേഷൻ മോഡൽ കൊണ്ടുവരാനും ട്രഷറി ആലോചിക്കുന്നുണ്ട്.

ചെറുകിട ബിസിനസുകളെയും കുടുംബങ്ങളെയും ബാധിക്കുന്ന വിധത്തിൽ ഫാമിലി ട്രസ്റ്റുകൾക്ക് കുറഞ്ഞത് 30 ശതമാനം നികുതി ഏർപ്പെടുത്തുന്ന കാര്യവും ട്രഷറർ ജിം ചാൽമേഴ്സിന്റെ പരിഗണനയിലാണ്. ഇത് വഴി കോടിക്കണക്കിന് ഡോളർ അധിക വരുമാനം കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കർഷകർക്ക് ഈ നികുതിയിൽ ഇളവ് നൽകിയേക്കും.

2025-ലെ തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരം മാറ്റങ്ങൾ വരുത്തില്ലെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, ആഗോള സാമ്പത്തിക അസ്ഥിരതയും പണപ്പെരുപ്പവും ചൂണ്ടിക്കാട്ടി ഈ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയാണെന്ന സൂചനയാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്നത്. വരാനിരിക്കുന്ന ബജറ്റിൽ ‘സാമ്പത്തിക നീതി’ ഉറപ്പാക്കുന്ന തരത്തിലുള്ള വലിയ പരിഷ്കാരങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. അന്താരാഷ്ട്ര സംഘർഷങ്ങൾ സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും വിലവർധനയ്ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *