വടകര: പന്ത്രണ്ട് വർഷം മുൻപ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട അതേ മെയ് 4-ന് വടകരയിൽ കെ.കെ. രമ വിജയമുറപ്പിക്കുന്നു. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പതിനായിരത്തിലധികം വോട്ടുകളുടെ ലീഡാണ് രമ നിലനിർത്തുന്നത്.
പത്താം റൗണ്ട് വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രമ 11,839 വോട്ടുകളുടെ വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്.കുലംകുത്തി’ എന്ന് ആക്ഷേപിച്ചവർ ജനവിധിയിൽ തകർന്നടിയുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ടി.പി. ചന്ദ്രശേഖരന് സാധിച്ചുവെന്ന് വിജയത്തിന് പിന്നാലെ കെ.കെ. രമ ഫെയ്സ്ബുക്കിൽ കുറിച്ചു.ടി.പി.യുടെ ഓർമ്മദിനത്തിൽ തന്നെ വടകര പിടിച്ചെടുക്കുന്നതിലൂടെ രാഷ്ട്രീയമായ വലിയൊരു മറുപടിയാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് യു.ഡി.എഫ് പ്രവർത്തകർ വിലയിരുത്തുന്നു.
വടകരയിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോൾ കെ.കെ. രമയുടെ ഭൂരിപക്ഷം ഇനിയും ഉയരുമെന്നാണ് സൂചനകൾ. സംസ്ഥാനത്തുടനീളം ആഞ്ഞടിക്കുന്ന യു.ഡി.എഫ് തരംഗത്തിന്റെ പ്രതിഫലനം വടകരയിലും ദൃശ്യമാണ്.

