മോസ്കോ: റഷ്യയുടെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ കപ്പലുകൾക്കും തുറമുഖത്തിനും കനത്ത നാശനഷ്ടം സംഭവിച്ചു. റഷ്യൻ അതിർത്തിയിൽ നിന്ന് 1,000 കിലോമീറ്ററിലധികം അകലെയുള്ള പ്രിമോർസ്ക് എണ്ണ തുറമുഖത്താണ് യുക്രെയ്ൻ ആക്രമണം നടത്തിയത്.
റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റിൽ’ (നിഴൽ കപ്പൽപ്പട) പെട്ട മൂന്ന് എണ്ണക്കപ്പലുകളും ഒരു മിസൈൽ കോർവെറ്റും തകർത്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അവകാശപ്പെട്ടു. ഒരു ‘കാലിബർ’ മിസൈൽ വാഹിനി കൂടി പ്രവർത്തനരഹിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.ബാൾട്ടിക് കടലിലെ പ്രിമോർസ്ക് തുറമുഖത്തെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തമുണ്ടായി. റഷ്യൻ സ്റ്റേറ്റ് ഓയിൽ സ്ഥാപനമായ ട്രാൻസ്‌നെഫ്റ്റാണ് ഈ തുറമുഖം നിയന്ത്രിക്കുന്നത്.
ഇതിനിടെ യുക്രെയ്നിലെ ഒഡേസ മേഖലയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ വിക്ഷേപിച്ച 269 ഡ്രോണുകളിൽ 249 എണ്ണവും തകർത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.യുക്രെയ്നുള്ള സൈനിക സഹായം ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയന്റെ ലോൺ സ്കീമിൽ ചേരാൻ ബ്രിട്ടൻ ചർച്ചകൾ ആരംഭിച്ചു. റഷ്യൻ സൈനിക വിതരണ ശൃംഖലയെ തകർക്കാൻ ഈ ആഴ്ച കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ അറിയിച്ചു.
യുക്രെയ്ൻ യുദ്ധം 1,531-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ റഷ്യൻ നഗരമായ മോസ്കോയ്ക്ക് സമീപവും യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രോൺ ആക്രമണത്തിൽ മോസ്കോയ്ക്ക് സമീപം 77 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടു. ഇതിനിടെ, യുക്രെയ്നിന്റെ പ്രതിരോധത്തിന് പിന്തുണ നൽകിയതിന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന് സെലെൻസ്‌കി നന്ദി അറിയിച്ചു.

