പാരീസ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവ്വകലാശാലാ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി എല്ലാ വിദ്യാർത്ഥികൾക്കും ഒരു യൂറോയ്ക്ക് (ഏകദേശം 90 രൂപ) ഭക്ഷണം നൽകുന്ന പദ്ധതി ഫ്രാൻസിൽ ആരംഭിച്ചു. മുൻപ് കുറഞ്ഞ വരുമാനമുള്ളവർക്കും സാമ്പത്തിക സഹായം ലഭിക്കുന്നവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ആനുകൂല്യം, വിദ്യാർത്ഥി യൂണിയനുകളുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് ഇപ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കിയിരിക്കുന്നത്.
സാധാരണ നിലയിൽ മൂന്ന് വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണത്തിന് 3.30 യൂറോയാണ് ഈടാക്കിയിരുന്നത്. പുതിയ മാറ്റത്തോടെ വിദ്യാർത്ഥികളുടെ ഭക്ഷണച്ചെലവിൽ വലിയ കുറവുണ്ടാകും. മാസത്തിൽ 20 ദിവസം കാന്റീൻ ഭക്ഷണം കഴിക്കുന്ന ഒരു വിദ്യാർത്ഥിക്ക് 60 യൂറോയ്ക്ക് പകരം ഇനി വെറും 20 യൂറോ മാത്രം ചെലവാക്കിയാൽ മതിയാകും. ജനുവരിയിൽ നടന്ന സർവ്വേ പ്രകാരം ഫ്രാൻസിലെ 48 ശതമാനം വിദ്യാർത്ഥികളും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഭക്ഷണം ഉപേക്ഷിക്കേണ്ടി വരുന്നവരാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നടപടി.
2024-ൽ മാത്രം ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി 2027-ഓടെ 120 മില്യൺ യൂറോ അധികമായി അനുവദിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഫിലിപ്പ് ബാപ്റ്റിസ്റ്റ് വാഗ്ദാനം ചെയ്തു. ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയാതെയും കാന്റീൻ ജീവനക്കാർക്ക് അമിത ജോലിഭാരം ഉണ്ടാകാതെയും പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഒരു ചെറിയ ‘ആഭ്യന്തര വിപ്ലവം’ എന്നാണ് ഈ നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചത്

