ക്രൂരമായ ബാലപീഡനം; പത്ത് വയസ്സുകാരിയെ പട്ടിണിക്കിട്ടു പീഡിപ്പിച്ച സ്ത്രീക്കെതിരെ ടോർച്ചറിങ് കുറ്റം ചുമത്തി

ബ്രിസ്‌ബെയ്‌ൻ: പത്ത് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത സംഭവത്തിൽ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിൽ 40 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിദാരുണമായ സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ആഴ്ചകളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 9-നാണ് അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ബ്രിസ്‌ബെയ്‌നിലെ ക്വീൻസ്‌ലാന്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ ജലാംശം ഇല്ലാത്ത നിലയിലും അതിശക്തമായ പോഷകാഹാരക്കുറവ് മൂലവും അവശയായ കുട്ടിയുടെ ശരീരത്തിൽ ചികിത്സ ലഭിക്കാത്ത നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. കുട്ടിയുടെ അവസ്ഥ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ബ്രിസ്‌ബെയ്‌നിന് തെക്കുള്ള ലോഗൻ റിസർവിലെ ഒരു വീട്ടിൽ പോലീസ് പരിശോധന നടത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം സീൽ ചെയ്യുകയും ചെയ്തു. വിശദമായ അന്വേഷണത്തിനൊടുവിലാണ് 40 വയസ്സുകാരിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനും (Failing to supply necessaries) ക്രൂരമായ പീഡനത്തിനും (Torture) ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ബീൻലീ മജിസ്‌ട്രേറ്റ് കോടതിയിൽ ഇവരെ ഹാജരാക്കും.

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *