വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നു; ഓസ്‌ട്രേലിയയിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാരെ കുറയ്ക്കുന്നു

കാൻബറ: പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽ വെട്ടിക്കുറയ്ക്കില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചുകൊണ്ട് വിവിധ വകുപ്പുകളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവുമായി അൽബാനിസ് സർക്കാർ. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, പ്രതിപക്ഷമായ ലിബറൽ പാർട്ടിയുടെ പിരിച്ചുവിടൽ നയങ്ങളെ രൂക്ഷമായി വിമർശിച്ച ലേബർ പാർട്ടി ഇപ്പോൾ സ്വന്തം വകുപ്പുകളിൽ ‘വോളന്ററി റിഡൻഡൻസി’ (സ്വയം വിരമിക്കൽ) പദ്ധതികൾ നടപ്പിലാക്കുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരിികൊളുത്തി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ ഏജൻസികൾ ജീവനക്കാരോട് സ്വയം വിരമിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 16,000-ത്തോളം ജീവനക്കാരുള്ള ഹോം അഫയേഴ്‌സിൽ ബോർഡർ ഫോഴ്‌സ് അംഗങ്ങൾക്കും എക്‌സിക്യൂട്ടീവ് തലത്തിലുള്ളവർക്കും ഈ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസ്, കാലാവസ്ഥാ വ്യതിയാന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സോഷ്യൽ സർവീസ്, ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ പത്തോളം പ്രമുഖ വകുപ്പുകളിലും സമാനമായ നടപടികൾ ആരംഭിച്ചു.

അതേസമയം, ഗവൺമെന്റ് ആരെയും നിർബന്ധപൂർവ്വം പിരിച്ചുവിടുന്നില്ലെന്നും അനുവദിച്ച ബജറ്റിനുള്ളിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ വകുപ്പ് മേധാവികൾക്ക് നൽകിയ നിർദ്ദേശത്തിന്റെ ഭാഗമാണിതെന്നുമാണ് പൊതുസേവന മന്ത്രി കാറ്റി ഗല്ലഗറിന്റെ വിശദീകരണം. എന്നാൽ, തിരഞ്ഞെടുപ്പ് സമയത്ത് പിറ്റർ ഡട്ടണെയും സഖ്യകക്ഷികളെയും വിമർശിച്ച ലേബർ പാർട്ടി ഇപ്പോൾ അതേ പാത പിന്തുടരുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്ന് പ്രതിപക്ഷ വക്താവ് ക്ലെയർ ചാൻഡലർ കുറ്റപ്പെടുത്തി. കോടിക്കണക്കിന് നികുതിപ്പണം ചിലവാക്കുന്ന സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഈ വിഷയം കൂടുതൽ ചർച്ചയാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *