അഡ്ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിലെ നായർ സർവീസ് സൊസൈറ്റി (NSS Adelaide) തങ്ങളുടെ പത്താം വാർഷികവും വിഷു ആഘോഷങ്ങളും സമുചിതമായി ആഘോഷിച്ചു. ഏപ്രിൽ 25-ന് ഡഡ്ലി പാർക്കിലെ സ്ലോവേനിയൻ ക്ലബ്ബിൽ നടന്ന ചടങ്ങുകൾ സൗത്ത് ഓസ്ട്രേലിയൻ സർക്കാരിന്റെ പ്രീമിയർ ആൻഡ് ക്യാബിനറ്റ് വകുപ്പിന്റെ പൂർണ്ണ പിന്തുണയോടെയാണ് സംഘടിപ്പിച്ചത്.
എൻ.എസ്.എസ് അഡ്ലെയ്ഡ് പ്രസിഡന്റ് വിഷ്ണു ശശികുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ മുഖ്യാതിഥികളായി പങ്കെടുത്തു. ചെറുകിട വ്യാപാര-സാംസ്കാരിക വകുപ്പ് മന്ത്രി നാദിയ ക്ലാൻസി എം.പി, സൗത്ത് ഓസ്ട്രേലിയൻ മൾട്ടി കൾച്ചറൽ കമ്മീഷൻ ചെയർപേഴ്സൺ എം.സി ലൂയിസ ഗ്രെക്കോ, ഡെപ്യൂട്ടി ചെയർമാൻ അമർജിത് ഗ്രേവാൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അഡ്ലെയ്ഡിലെ പ്രമുഖ മലയാളി സംഘടനകളായ അമ്മ (AMMA), ഭീമ (BHIMA), എസ്.എൻ.എം.എ (SNMA) എന്നിവയുടെ പ്രതിനിധികളും മുഖ്യ സ്പോൺസറായ ഐഡിയൽ ലോൺസിൽ നിന്നുള്ള ഷിബു പൗലോസും സന്നിഹിതരായിരുന്നു.
സംഘടനയുടെ പത്ത് വർഷത്തെ നാൾവഴികൾ കോർത്തിണക്കി തയ്യാറാക്കിയ ‘സംസ്മൃതി’ എന്ന സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ രാം കുമാറിൽ നിന്നും സ്മരണികയുടെ ആദ്യ പ്രതി മന്ത്രി നാദിയ ക്ലാൻസി ഏറ്റുവാങ്ങി. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സംഘടനയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച സ്ഥാപക അംഗങ്ങളെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
വിപുലമായ വിഷുക്കണിയും കേരളീയ കലാരൂപങ്ങളും കോർത്തിണക്കി നടത്തിയ കലാപരിപാടികളും പ്രവാസ മണ്ണിൽ കേരളത്തിന്റെ തനിമ വിളിച്ചോതുന്നതായിരുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ പരമ്പരാഗത വിഷുസദ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പ്രസിഡന്റ് വിഷ്ണു ശശികുമാർ സ്വാഗതവും സെക്രട്ടറി സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ പരിപാടികളിലൂടെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ ഒത്തൊരുമയും കുടുംബബന്ധങ്ങളും ദൃഢമാക്കാനാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.




