പ്യോംഗ്യാങ്: ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ശത്രുരാജ്യങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയോ കമാൻഡ് സംവിധാനം തകരുകയോ ചെയ്താൽ ഉടൻ ആണവായുധ ആക്രമണം നടത്തുമെന്ന് വ്യവസ്ഥ ചെയ്യുന്ന തരത്തിൽ ഉത്തരകൊറിയ ആണവനയം ഭേദഗതി ചെയ്തു. ഇതുസംബന്ധിച്ച നിയമഭേദഗതിക്ക് രാജ്യത്തെ സുപ്രീം പീപ്പിൾസ് അസംബ്ലി അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തിന്റെ ആണവായുധ നിയന്ത്രണ സംവിധാനം ശത്രുക്കളുടെ ആക്രമണത്തിൽ അപകടത്തിലാകുന്ന സാഹചര്യമുണ്ടായാൽ “സ്വയമേവയും ഉടൻതന്നെയും” ആണവാക്രമണം നടത്തുമെന്നാണ് പുതിയ വ്യവസ്ഥയിൽ പറയുന്നത്. ഉത്തരകൊറിയയുടെ ആണവായുധ സേനയുടെ പരമാധികാരം കിമ്മിനാണെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
യുഎസ്-ഇസ്രയേൽ സൈനിക നീക്കങ്ങളിൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയ് ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം. വിദേശ ശക്തികളുടെ “തലവെട്ടൽ ആക്രമണങ്ങൾ” തടയുന്നതിനുള്ള പ്രതിരോധ നടപടിയായാണ് ഈ ഭേദഗതിയെ വിദഗ്ധർ വിലയിരുത്തുന്നത്.

