ബെയ്റൂത്ത്: തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതർ അറിയിച്ചു. നബാത്തിയ മേഖലയുൾപ്പെടെ വിവിധ ഭാഗങ്ങളിലായിരുന്നു ആക്രമണം നടന്നത്.
ലെബനന്റെ ദേശീയ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, നബാത്തിയയിൽ വാഹനത്തെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന് അൽ-ബയ്യാദ് മേഖലയിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൂടി മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഹിസ്ബുള്ള കേന്ദ്രങ്ങളെയും ആയുധശേഖരങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ സാധാരണ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സൈന്യം വ്യക്തമാക്കി.
അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ ധാരണ തുടരുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായത്. അതേസമയം, ഇസ്രയേലും ഹിസ്ബുള്ളയും പരസ്പരം വെടിനിർത്തൽ ലംഘിച്ചതായി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇസ്രയേൽ–ലെബനൻ സമാധാന ചർച്ചകൾ വീണ്ടും ആരംഭിക്കാനിരിക്കെയാണ് അതിർത്തി മേഖലയിലെ സംഘർഷം ശക്തമായത്.

