ന്യൂഡൽഹി: ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ദേശീയ തലസ്ഥാനമായ ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രധാന സർക്കാർ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടി ഓഫീസുകൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ഭീകരർ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (IED) ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തും സമീപ സർക്കാർ ഓഫീസുകളിലും അധിക സുരക്ഷാസേനയെ വിന്യസിച്ചു. വാഹന പരിശോധനയും നിരീക്ഷണവും വ്യാപകമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.
പ്രധാന സർക്കാർ കെട്ടിടങ്ങൾ, മാർക്കറ്റുകൾ, ഗതാഗതകേന്ദ്രങ്ങൾ, ജനത്തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആന്റി-സാബോട്ടേജ് പരിശോധനകൾ പുരോഗമിക്കുകയാണ്. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡുകൾ, സ്‌നിഫർ ഡോഗ് യൂണിറ്റുകൾ, ക്വിക് റെസ്പോൺസ് ടീമുകൾ എന്നിവയെയും ജാഗ്രതയിൽ നിർത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
സംശയാസ്പദമായ നീക്കങ്ങൾ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ, സെൻസിറ്റീവ് മേഖലകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എന്നിവയിൽ പ്രത്യേക നിരീക്ഷണം വേണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ വിവിധ ജില്ലകളിൽ വ്യാപക പരിശോധനയും തിരിച്ചറിയൽ പരിശോധനകളും തുടരുകയാണ്. സ്ഥിതിഗതികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിരന്തരം വിലയിരുത്തുകയാണെന്നും അധികൃതർ അറിയിച്ചു.

