കാസർഗോഡ് ദേശീയപാതയിൽ വിള്ളൽ; നിർമാണ ഗുണനിലവാരത്തിൽ ആശങ്ക

കാസർഗോഡ് ജില്ലയിലെ പിലിക്കോട് മട്ടലായിയിൽ നിർമാണം പൂർത്തിയായ ദേശീയപാതയിൽ വിള്ളലുകൾ രൂപപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കി. മേൽമട്ടലായി ശിവക്ഷേത്രത്തിന് സമീപം ഏകദേശം 50 മീറ്റർ നീളത്തിലാണ് ഞായറാഴ്ച രാവിലെ വിള്ളൽ കണ്ടെത്തിയത്. വേനൽമഴയ്ക്ക് പിന്നാലെയാണ് റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്.

ദേശീയപാത നിർമാണ കരാറുകാരായ ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലത്തെത്തി അറ്റകുറ്റപ്പണി ആരംഭിച്ചു. വിള്ളൽ കണ്ട ഭാഗത്തെ ടാറിംഗ് പൊളിച്ചുമാറ്റി റീ-ടാറിംഗ് നടത്താനാണ് ശ്രമം. ടാറിംഗ് പാളിയിലാണ് കേടുപാടുണ്ടായതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.

എന്നാൽ മണ്ണിട്ടുയർത്തിയ ഭാഗത്തിനുള്ളിൽ കൂടുതൽ ആഴത്തിൽ വിള്ളലുകൾ ഉണ്ടായിരിക്കാമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. പുറംതോടിലെ ടാറിംഗ് മാത്രം പുതുക്കി പ്രശ്നം മറയ്ക്കാൻ ശ്രമിച്ചാൽ ഭാവിയിൽ വലിയ അപകടങ്ങൾക്ക് കാരണമാകാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടി മണ്ണിട്ടുയർത്തിയാണ് ഈ ഭാഗത്ത് ദേശീയപാത നിർമിച്ചിരിക്കുന്നത്. ചതുപ്പുസ്വഭാവമുള്ള നിലവും ഉറപ്പുകുറഞ്ഞ മണ്ണുമുള്ള പ്രദേശമായതിനാൽ ഇത്തരത്തിലുള്ള നിർമാണങ്ങൾക്ക് ബലക്ഷയം സംഭവിക്കാമെന്ന് നേരത്തെ തന്നെ സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കൃത്യമായ പഠനങ്ങളില്ലാതെയാണ് നിർമാണം നടത്തിയതെന്ന പരാതിയും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.

മഴക്കാലം തുടങ്ങുന്നതിന് മുമ്പ് വാഹനഗതാഗതത്തിനായി തുറക്കാനിരുന്ന ഭാഗത്താണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. സമഗ്ര പരിശോധന നടത്താതെ റോഡ് ഗതാഗതത്തിനായി തുറക്കരുതെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *