തിരുവനന്തപുരം: രാജ്യത്തെ പെൺകുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഗർഭാശയഗള ക്യാൻസർ (സെർവിക്കൽ ക്യാൻസർ) പ്രതിരോധ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയുമായി ആരോഗ്യവകുപ്പ്. 14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്ക് (14-ാം പിറന്നാൾ മുതൽ 15 വയസ്സും 90 ദിവസവും വരെ പ്രായമുള്ളവർ) ഈ വിലപ്പെട്ട പ്രതിരോധ മരുന്ന് സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി ഇപ്പോൾ സൗജന്യമായി ലഭ്യമാണ്.
സ്ത്രീകളിൽ കണ്ടുവരുന്ന ക്യാൻസറുകളിൽ പ്രധാനമായ സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കാൻ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷനിലൂടെ സാധിക്കും. പശ്ചാത്യ രാജ്യങ്ങളിൽ ഈ വാക്സിൻ നൽകുന്നതിലൂടെ ഗർഭാശയഗള ക്യാൻസർ നിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. സ്വകാര്യ വിപണിയിൽ ഏകദേശം 4,000 രൂപയോളം വിലവരുന്ന ഈ വാക്സിനാണ് ഇപ്പോൾ സർക്കാർ ആശുപത്രികൾ വഴി ജനങ്ങളിലേക്ക് സൗജന്യമായി എത്തിക്കുന്നത്.
ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന മറ്റ് ക്യാൻസറുകളിൽ നിന്നും ഈ വാക്സിൻ സംരക്ഷണം നൽകുന്നു. ആദ്യമായാണ് സർക്കാർ മേഖലയിൽ ഇത്തരമൊരു സൗജന്യ വിതരണം നടക്കുന്നത് എന്നതിനാൽ അർഹരായ എല്ലാ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. മെയ് 31 വരെയാണ് ഈ പ്രത്യേക അവസരം ലഭ്യമാകുക. രക്ഷകർത്താക്കളും അധ്യാപകരും മുൻകൈ എടുത്ത് അർഹരായ പെൺകുട്ടികൾക്കെല്ലാം വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പുവരുത്തണം. കൂടുതൽ വിവരങ്ങൾക്കായി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടാവുന്നതാണ്.

