കാൻബറ: ആഗോള എണ്ണ പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ, ഓസ്ട്രേലിയൻ ട്രഷറർ ജിം ചാമേഴ്സ് രാജ്യത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഫെഡറൽ ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രഖ്യാപിച്ച ഈ ബജറ്റിൽ, നികുതി പരിഷ്കാരങ്ങൾക്കും ഇന്ധന വില നിയന്ത്രിക്കുന്നതിനുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. മലയാളി കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഏറെ ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
സാധാരണക്കാരായ തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ 13.3 ദശലക്ഷം പേർക്ക് 250 ഡോളറിന്റെ ടാക്സ് ബോണസ് (Working Australians Tax Offset) ട്രഷറർ പ്രഖ്യാപിച്ചു. 2027 പകുതിയോടെ ഇത് പ്രാബല്യത്തിൽ വരും. ഏറ്റവും കുറഞ്ഞ ആദായനികുതി നിരക്ക് 16 ശതമാനത്തിൽ നിന്ന് 15 ശതമാനമായും, 2027-ഓടെ ഇത് 14 ശതമാനമായും കുറയ്ക്കും. ഇതോടെ ശരാശരി വരുമാനമുള്ളവർക്ക് വർഷം 2,200 ഡോളറിലധികം ലാഭിക്കാൻ സാധിക്കും. കൂടാതെ, രസീതുകളില്ലാതെ തന്നെ 1,000 ഡോളർ വരെയുള്ള നികുതി കിഴിവുകൾ (Deductions) ക്ലെയിം ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തി.
റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് നിയന്ത്രണം. രാജ്യത്തെ പാർപ്പിട പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് നിക്ഷേപകർക്കുള്ള നികുതി ആനുകൂല്യങ്ങളിൽ വൻ നിയന്ത്രണങ്ങൾ കൊണ്ടുവന്നു.2027 ജൂലൈ മുതൽ പുതിയ വീടുകൾക്ക് മാത്രമേ നെഗറ്റീവ് ഗിയറിംഗ് ആനുകൂല്യം ലഭിക്കൂ. നിലവിൽ വീടുള്ളവർക്ക് ഈ മാറ്റം ബാധകമല്ല.50% എന്ന നിലവിലെ നികുതി ഇളവ് ഒഴിവാക്കി. ഇനി മുതൽ ആസ്തിയുടെ വിലയിലെ മാറ്റം പണപ്പെരുപ്പവുമായി ബന്ധിപ്പിച്ചുള്ള ‘ഇൻഡക്സേഷൻ’ രീതിയിലാകും നികുതി കണക്കാക്കുക. മിനിമം നികുതി നിരക്ക് 30 ശതമാനമായി നിശ്ചയിച്ചു.
ധ്യേഷ്യയിലെ സംഘർഷങ്ങൾ കാരണം കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചുനിർത്താൻ ഇന്ധന എക്സൈസ് തീരുവ പകുതിയായി കുറയ്ക്കാൻ 2.9 ബില്യൺ ഡോളർ ബജറ്റിൽ വകയിരുത്തി. ഇത് വാഹനം ഉപയോഗിക്കുന്നവർക്ക് വലിയ ആശ്വാസമാകും.ഭവന മേഖലയിൽ 65,000 പുതിയ വീടുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 2 ബില്യൺ ഡോളറും നിർമ്മാണ അനുമതികൾ വേഗത്തിലാക്കാൻ 500 ദശലക്ഷം ഡോളറും അനുവദിച്ചു. വിദേശികൾ നിലവിലുള്ള വീടുകൾ വാങ്ങുന്നതിനായുള്ള നിരോധനം നീട്ടുകയും ചെയ്തു.
ചെറുകിട ബിസിനസുകൾക്കായി 20,000 ഡോളർ വരെയുള്ള ‘ഇൻസ്റ്റന്റ് അസറ്റ് റൈറ്റ്-ഓഫ്’ സംവിധാനം സ്ഥിരമാക്കി. ലാഭവിഹിത വിതരണത്തിൽ ട്രസ്റ്റുകൾക്ക് 30 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ-ലോജിസ്റ്റിക്സ് മേഖലകളിലെ ചെറുകിടക്കാർക്കായി പലിശരഹിത വായ്പകളും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിൽ, സാധാരണക്കാരുടെ കീശ ചോരാതെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ട്രഷറർ ബജറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

