ഡാറ്റാ സെറുകൾ പുനരുപയോഗ ഊർജ്ജത്തിൽ നിക്ഷേപം നടത്തണം: ക്വീൻസ്‌ലൻഡ് ഒഴികെയുള്ള ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങൾക്കിടയിൽ ധാരണ

സിഡ്‌നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ഥാപിക്കപ്പെടുന്ന കൂറ്റൻ ഡാറ്റാ സെന്ററുകൾ, അവയ്ക്ക് ആവശ്യമായ വൈദ്യുതി പൂർണ്ണമായും സൗരോർജ്ജത്തിലൂടെയോ കാറ്റാടി യന്ത്രങ്ങളിലൂടെയോ ഉൽപ്പാദിപ്പിക്കാൻ നിക്ഷേപം നടത്തണമെന്ന് ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും. കഴിഞ്ഞ ആഴ്ച നടന്ന ഊർജ്ജ മന്ത്രിമാരുടെ യോഗത്തിലാണ് ഡാറ്റാ സെന്ററുകൾ തങ്ങളുടെ വൈദ്യുതി ആവശ്യങ്ങൾ പുനരുപയോഗ ഊർജ്ജ നിക്ഷേപങ്ങളിലൂടെ “ഓഫ്‌സെറ്റ്” ചെയ്യണമെന്ന നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചത്.

ക്വീൻസ്‌ലൻഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഫെഡറൽ ഊർജ്ജ മന്ത്രിമാരും ഈ നീക്കത്തെ പിന്തുണച്ചു. വൈദ്യുതി ശൃംഖലയിൽ നിന്നുള്ള അമിത ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കുന്ന ‘ഡിമാൻഡ് ഫ്ലെക്സിബിലിറ്റി സർവീസുകൾ’ ഡാറ്റാ സെന്ററുകൾ നൽകണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ജനവാസ മേഖലകളിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനെതിരെയും, ഇവയുടെ തണുപ്പിക്കൽ പ്രക്രിയയ്ക്കായി വൻതോതിൽ ജലം ഉപയോഗിക്കുന്നതിനെതിരെയും രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ദേശീയ തലത്തിലുള്ള ഈ നിർദ്ദേശത്തോട് ക്വീൻസ്‌ലൻഡ് ഊർജ്ജ മന്ത്രി ഡേവിഡ് ജാനെറ്റ്‌സ്‌കി വിയോജിപ്പ് പ്രകടിപ്പിച്ചു. പദ്ധതിയുടെ ചിലവ്, ആനുകൂല്യങ്ങൾ, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ പഠനം നടത്താതെ ഇതിനോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങൾ ക്വീൻസ്‌ലൻഡുകാരുടെ വൈദ്യുതി ബില്ലുകളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാറ്റാ സെന്ററുകൾ വൈദ്യുതി ശൃംഖലയ്ക്ക് ഭാരമാകുന്നതിന് പകരം ഒരു മുതൽക്കൂട്ടായി മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഫെഡറൽ ഊർജ്ജ മന്ത്രി ക്രിസ് ബോവൻ പറഞ്ഞു. “ഡാറ്റാ സെന്ററുകൾക്ക് ഓസ്‌ട്രേലിയയിലെ വൈദ്യുതി ഗ്രിഡിന്റെ പ്രയോജനം ലഭിക്കണമെന്നുണ്ടെങ്കിൽ, ആ ഗ്രിഡ് ശക്തിപ്പെടുത്തുന്നതിൽ അവർ പങ്കാളികളാകണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ നിലവിൽ 162 ഡാറ്റാ സെന്ററുകളാണുള്ളത്. ഇവയുടെ വൈദ്യുതി ഉപയോഗം 2030-ഓടെ മൂന്നിരട്ടിയാകുമെന്നാണ് ഓസ്‌ട്രേലിയൻ എനർജി മാർക്കറ്റ് ഓപ്പറേറ്ററുടെ (AEMO) കണക്കുകൂട്ടൽ. നിലവിൽ ഈ മേഖല 70 ശതമാനം ഊർജ്ജവും ഓഫ്‌സെറ്റ് ചെയ്യുന്നുണ്ടെന്നും 100 ശതമാനത്തിലേക്ക് എത്താൻ പുതിയ പദ്ധതികൾ ആവശ്യമാണെന്നും ഡാറ്റാ സെന്റേഴ്സ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ബെലിൻഡ ഡെന്നറ്റ് പറഞ്ഞു. പുതിയ നയങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ജൂലൈ മാസത്തോടെ ശുപാർശ നൽകാൻ ഓസ്‌ട്രേലിയൻ എനർജി മാർക്കറ്റ് കമ്മീഷനോട് (AEMC) മന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *