കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ഒളിവിൽ കഴിയുന്ന ഡോ. റാമിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദളിത്-ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഡിഎഫ്) ആവശ്യപ്പെട്ടു
പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് പുറത്തേക്കു പോകുമ്പോൾ ഡോ. റാമും സ്റ്റാഫ് റൂമിൽ നിന്ന് പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് എഡിഎഫ് ആരോപിച്ചു. മുൻവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ നിതിനെ മർദിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടതാണോയെന്ന സംശയവും സംഘടന ഉയർത്തി.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിതിൻ രാജിന്റെ ശരീരത്തിൽ മർദനമേറ്റ പരിക്കുകളും വയറ്റിൽ കറുത്ത ദ്രാവകത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച സമഗ്ര അന്വേഷണം നടന്നില്ലെന്നും, ജാതി അധിക്ഷേപവും ലോൺ ആപ്പ് വിഷയവും ഉയർത്തിക്കാട്ടി സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും എഡിഎഫ് ആരോപിച്ചു.
നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതായി ആരും മൊഴി നൽകിയിട്ടില്ലെന്നും, വീണ നിലയിൽ കണ്ടെത്തിയ ശേഷം ആശുപത്രിയിൽ നൽകിയ ചികിത്സയും അന്വേഷിക്കണമെന്നും എഡിഎഫ് ജനറൽ കൺവീനർ എം. ഗീതാനന്ദൻ ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനതല ആക്ഷൻ കൗൺസിൽ രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.

